പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു| PM Narendra Modi Plays Chenda with Kerala Artists at Somnath Temple | India
Last Updated:
16 പേരടങ്ങുന്ന മലയാളി സംഘം യാത്രയുടെ മുൻനിരയിൽ മേളം പൊലിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി കലാകാരന്മാരുടെ അടുത്തേക്ക് എത്തിയത്
സോമനാഥ ക്ഷേത്രത്തിന് മുന്നിൽ ഉയർന്നുകേട്ട ശിങ്കാരിമേളത്തിന്റെ താളത്തിനൊപ്പം അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ചേർന്നപ്പോൾ അത്ഭുതസ്തബ്ധരായി കേരളത്തിൽ നിന്നുള്ള വാദ്യകലാകാരന്മാർ. കണ്ണൂർ മാട്ടൂൽ സ്വദേശിയായ കെ വി പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ പങ്കുചേർന്നത്.
ഞായറാഴ്ച രാവിലെ സോമനാഥ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രധാനമന്ത്രി. സോമനാഥ സ്വാഭിമാൻ പർവിനോട് അനുബന്ധിച്ചുള്ള ‘ശൗര്യ യാത്ര’യ്ക്കായി എത്തിയതായിരുന്നു 16 പേരടങ്ങുന്ന മലയാളി സംഘം യാത്രയുടെ മുൻനിരയിൽ മേളം പൊലിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി കലാകാരന്മാരുടെ അടുത്തേക്ക് എത്തിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രണവിന്റെ കൈയിൽ നിന്ന് കോൽ വാങ്ങിയ മോദി, ഏകദേശം രണ്ട് മിനിറ്റോളം കൃത്യമായ താളത്തിൽ ചെണ്ട കൊട്ടി.
കണ്ണൂരിലെ സിപിഎം മാട്ടൂൽ ലോക്കൽ സെക്രട്ടറി പി വി പ്രദീപന്റെയും കെ വി സുമയുടെയും മകനാണ് പ്രണവ് പ്രദീപ്. “ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമാണിത്. അദ്ദേഹം വളരെ ഊർജ്ജസ്വലനാണ്, നല്ല താളബോധവുമുണ്ട്. അദ്ദേഹം അടുത്തുവന്നതോടെ ഞങ്ങളെല്ലാവരും കൂടുതൽ ആവേശത്തിലായി,” പ്രണവ് തന്റെ സന്തോഷം പങ്കുവെച്ചു. മാട്ടൂൽ വായനശാലയ്ക്കടുത്തുള്ള കെ അരുണും സംഘത്തിലുണ്ടായിരുന്നു.
പ്രധാനമന്ത്രി ചെണ്ട കൊട്ടുമ്പോൾ കാസർഗോഡ് സ്വദേശികളായ സുനിതയും സഞ്ജനയും താളച്ചുവടുകളുമായി മുൻനിരയിൽ നിന്ന് അകമ്പടിയേകി. 16 വർഷമായി മേളരംഗത്തുള്ള സുനിതയ്ക്ക് ഇത് സ്വപ്നതുല്യമായ നിമിഷമായിരുന്നു. “ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് മോദിക്കൊപ്പം കൊട്ടാൻ സാധിച്ചത്. ആഗ്രഹിച്ചതിലും വലിയ കാര്യമാണ് സംഭവിച്ചത്,” സുനിത പറഞ്ഞു.
കണ്ണൂർ ‘വടക്കൻസ് ഏഴോം’ ടീമിലെ പ്രണവ്, അരുൺ എന്നിവരും കാസർഗോഡ് ‘നീലമംഗലം’ ഗ്രൂപ്പ് അംഗങ്ങളായ സുനിത, അഭിനവ്, സഞ്ജന, ഷിബിൻ രാജ്, ഹേന, മിനി, ശകുന്തള, ശ്രീമതി, സുജാത, വിശാഖ്, രുക്മിണി, സംഗീത, സുനീതി, ഷിജി എന്നിവരുമാണ് മേളസംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശി സൂര്യ സജി വഴിയാണ് ഇവർക്ക് ഈ അവസരം ലഭിച്ചത്. തൃശൂരിൽ നിന്നുള്ള ആറംഗ പുലികളി സംഘവും ശൗര്യയാത്രയ്ക്ക് മാറ്റുകൂട്ടി.
ശനിയാഴ്ച രാത്രി ഉറക്കമൊഴിച്ച് നടത്തിയ പരിശീലനത്തിന്റെ ക്ഷീണമത്രയും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തോടെ മാഞ്ഞുപോയ ആവേശത്തിലാണ് ഈ കലാകാരന്മാർ ഇപ്പോൾ.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
