‘വടക്കേ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ വീട്ടു ജോലി ചെയ്യുന്നു; ഞങ്ങൾ പഠിക്കാന്‍ വിടുന്നു’; ഡിഎംകെ എംപി ദയാനിധി |In North Girls Stay Home, We Send Them to Study DMK MP Dayanidhi Maran | India
Last Updated:
പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദ്രാവിഡ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
വടക്കേ ഇന്ത്യയിൽ പെൺകുട്ടികൾ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് കരുതുന്നതെന്നും എന്നാൽ തമിഴ്‌നാട്ടിൽ അവരെ പഠിപ്പിക്കാനും അവരുടെ തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ പറഞ്ഞു.
ചെന്നൈയിലെ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദ്രാവിഡ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”നമ്മുടെ പെൺകുട്ടികൾക്ക് അഭിമാനം തോന്നണം. അവരിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അതുകൊണ്ടാണ് പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകരുതെന്ന് അവർ ആവശ്യപ്പെടുന്നു. അവരോട് അവരുടെ വീടിനുള്ളിൽ തന്നെ ഇരുന്ന് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ, ഞങ്ങളുടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച അദ്ദേഹം തമിഴ്‌നാടിനെ ഏറ്റവും മികച്ച സംസ്ഥാനമെന്ന് പരാമർശിക്കുകയും ചെയ്തു. ”ഇതൊരു ദ്രാവിഡ മാതൃകയിലുള്ള സർക്കാരാണ്. തമിഴ്‌നാട്ടിൽ ദ്രാവിഡവാദത്തെ ജ്വലിപ്പിച്ചത് ഞങ്ങളുടെ പെരിയാറാണ്,” അദ്ദേഹം പറഞ്ഞു.
2011 ലെ സെൻസസ് പ്രകാരം, തമിഴ്നാട്ടിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് ഏകദേശം 73.44% ആണ് (7 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരുടെ ജനസംഖ്യയിൽ), ഇത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്. ഉത്തർപ്രദേശിൽ, സ്ത്രീ സാക്ഷരതാ നിരക്ക് 57.18%, ഹരിയാനയിൽ 65.94%, രാജസ്ഥാനിൽ 52.12%, ഹിമാചൽ പ്രദേശിൽ 75.93% എന്നിങ്ങനെയാണ്.
ഉലഗം ഉങ്കൽ കൈയിൽ പദ്ധതി പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് കോളേജ് ഫോർ വുമണിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
”ഇന്ന്, എല്ലാ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒപ്പം പുതുവത്സരാശംസകളും പൊങ്കലും ആശംസിക്കുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ അവർ സമൂഹത്തിന് ഗണ്യമായ സംഭാവനകൾ നൽകുമെന്ന് പലപ്പോഴും പറയാറുണ്ട്. ഞങ്ങളുടെ എല്ലാ പെൺകുട്ടികളെയും ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു, ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഈ പദ്ധതിക്കായി സർക്കാർ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ വിജയം നേടുന്നതിന് പെൺകുട്ടികൾ സോഷ്യൽ മീഡിയയ്ക്ക് പകരം ലാപ്‌ടോപ്പുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘വടക്കേ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ വീട്ടു ജോലി ചെയ്യുന്നു; ഞങ്ങൾ പഠിക്കാന്‍ വിടുന്നു’; ഡിഎംകെ എംപി ദയാനിധി
