Leading News Portal in Kerala

താമരയിൽ നമസ്‌തേ! ബ്രിക്സ് സമ്മേളനം ഇന്ത്യയിൽ; വെബ്സൈറ്റും ലോഗോയും പ്രമേയവും പുറത്തിറക്കി | S Jaishankar Launches BRICS 2026 Website Theme and Website by the External Affairs Minister | India


Last Updated:

ജനുവരി ഒന്നിനാണ് ബ്രസീലിൽ നിന്ന് ഇന്ത്യ ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്

News18
News18

ഈ വർഷത്തെ ബ്രിക്‌സ് സമ്മേളനം ഇന്ത്യയിൽ വെച്ച് നടക്കും. ബ്രിക്‌സ് ഇന്ത്യ 2026ന്റെ ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും ഔദ്യോഗിക പ്രമേയവും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചൊവ്വാഴ്ച പുറത്തിറക്കി. പുതിയ വെബ്‌സൈറ്റ് ഒരു പൊതുവേദിയായി പ്രവർത്തിക്കുമെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന്റെ യോഗങ്ങളുടെയും അനുബന്ധപ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ അതിൽ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

താമരപ്പൂവിന്റെ നടുവിൽ കൈകൂപ്പി നമസ്‌തേ പറയുന്ന രീതിയിലാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രിക്‌സ് ലോഗോ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും നിറങ്ങളെ പ്രതിഫലിപ്പിക്കുന്നതായി എസ്. ജയ്ശങ്കർ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ ഐക്യത്തെയും തുല്യപ്രധാന്യത്തെയും ലോഗോയുടെ ഡിസൈനിൽ ചിത്രീകരിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിക്‌സ് സമ്മേളനത്തിൽ ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ അതിലെ നാല് തൂണുകൾ ഏതൊക്കെയാണെന്നും എസ്. ജയ്ശങ്കർ വിശദീകരിച്ചു. പ്രതിരോധം, സഹകരണം, ഇന്നൊവേഷൻ, സുസ്ഥിരത എന്നിവയാണ് നാല് തൂണുകൾ. ആഗോള, പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിൽ സംഘടനയുടെ മുൻഗണനകൾ ഈ നാല് തൂണുകളെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പരസ്പരമുള്ള ഇടപെടൽ, ചർച്ചകൾ, സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയായി ബ്രിക്‌സ് തുടരുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ധാരണയും ഏകോപനവും ശക്തിപ്പെടുത്തുന്നതിന് അംഗരാജ്യങ്ങൾ തമ്മിലുള്ള പതിവ് ഇടപെടൽ സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വികസ്വരവും വളർന്നു വരുന്നതുമായ സമ്പദ് വ്യവസ്ഥകൾ നേരിടുന്ന പൊതുവായ വെല്ലുവിളികളെ നേരിടാൻ ബ്രിക്‌സ് അംഗങ്ങൾക്കിടയിലുള്ള സഹകരണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അനിശ്ചിതമായ ആഗോളപരിതസ്ഥിതിയിൽ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നതിന് കൂട്ടായ പരിഹാരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി ഒന്നിനാണ് ബ്രസീലിൽ നിന്ന് ഇന്ത്യ ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ഈ വർഷം അവസാനം നടക്കുന്ന 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. ഇത് സംഘടനയുടെ തുടർച്ചയായ പ്രവർത്തനങ്ങളിലും ഇടപെടലുകളിലും ഒരു പ്രധാന ഘട്ടമായാണ് കരുതുന്നത്.