‘വിവാഹം ലൈംഗിക അടിമത്തമല്ല’; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതിGujarat High Court Rejects Anticipatory Bail in Marital Abuse Case observes Marriage Isnt Blanket Consent | India
Last Updated:
പതിറ്റാണ്ടുകളായി വിവാഹത്തെ ലൈംഗിക ബന്ധത്തിനുള്ള മുൻകൂർ അനുമതിയായി കണ്ടിരുന്നു. എന്നാൽ ആധുനിക നിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു
വിവാഹം എന്നത് ലൈംഗിക ബന്ധത്തിനുള്ള ഒരു മുൻകൂട്ടിയുള്ള സമ്മതമല്ലെന്നും ശാരീരിക സ്വാതന്ത്ര്യം എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും നിരീക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി. അകന്നു കഴിയുന്ന ഭാര്യയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കേസിൽ പ്രതിയായ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വിവാഹത്തിനുള്ളിലെ ലൈംഗികത സ്വാഭാവികമാണെങ്കിലും അത് പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും ആയിരിക്കണം. ആധുനിക നിയമസംവിധാനങ്ങൾ വിവാഹബന്ധത്തിനുള്ളിലും വ്യക്തിയുടെ ശാരീരിക സ്വയംഭരണത്തെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികമായി നിർബന്ധിക്കുന്നത് ശാരീരിക വേദന മാത്രമല്ല, ഗുരുതരമായ മാനസികവും വൈകാരികവുമായ ആഘാതമുണ്ടാക്കും. സഹനപരിധി ലംഘിക്കപ്പെടുമ്പോൾ മാത്രമാണ് സ്ത്രീകൾ ഇത്തരം പരാതികളുമായി പൊതുസമൂഹത്തിന് മുന്നിൽ വരുന്നതെന്നും കോടതി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി വിവാഹത്തെ ലൈംഗിക ബന്ധത്തിനുള്ള മുൻകൂർ അനുമതിയായി കണ്ടിരുന്നു. എന്നാൽ ആധുനിക നിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു.
2022-ൽ വിവാഹിതയായ യുവതി, തന്റെ ഭർത്താവും വീട്ടുകാരും ചേർന്ന് സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയും ചെയ്തു എന്ന് കാണിച്ച് 2025 ഒക്ടോബറിലാണ് പരാതി നൽകിയത്. പ്രതിയുടെ രണ്ടാം ഭാര്യയായിരുന്നു പരാതിക്കാരി. പ്രതിയുടെ ആദ്യ ഭാര്യയും ഇത്തരത്തിൽ പീഡനാരോപണം ഉന്നയിച്ചിരുന്നു എന്നത് കോടതി പ്രത്യേകം ശ്രദ്ധിച്ചു. ഇത് പ്രതിയുടെ സ്വഭാവദൂഷ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇതൊരു സാധാരണ കുടുംബവഴക്കല്ലെന്നും അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.
ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിലുള്ള വിരോധം കാരണമാണ് ഭാര്യ വൈകി പരാതി നൽകിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വിവാഹത്തിനുള്ളിലെ പീഡനം റിപ്പോർട്ട് ചെയ്യാനുള്ള സാമൂഹികമായ മടിയും ട്രോമയുമാണ് പരാതി വൈകാൻ കാരണമെന്ന വാദിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Summary: The Gujarat High Court has ruled that marriage cannot be treated as a permanent grant of sexual consent, denying bail to a man accused of repeatedly assaulting his wife.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
‘വിവാഹം ലൈംഗിക അടിമത്തമല്ല’; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
