Leading News Portal in Kerala

പാകിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് അമേരിക്കൻ വിസ വിലക്ക്; ഇന്ത്യയ്ക്ക് ഇളവ്, ജനുവരി 21 മുതൽ പ്രാബല്യത്തിൽ | Pakistan and Bangladesh enters US visa freeze list | India


Last Updated:

അമേരിക്കയിലെ ‘പബ്ലിക് ചാർജ്’ നിയമപ്രകാരം, സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് വിസ നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

Representational image/Getty
Representational image/Getty

അമേരിക്കൻ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ, ബംഗ്ലാദേശ്, റഷ്യ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. ജനുവരി 21 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. എന്നാൽ, ഈ പട്ടികയിൽ നിന്ന് ഇന്ത്യയെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

അമേരിക്കയിലെ ‘പബ്ലിക് ചാർജ്’ നിയമപ്രകാരം, സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് വിസ നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പട്ടികയിൽ ഉൾപ്പെട്ട 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭാരമാകുന്നു എന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ പട്ടികയിലുണ്ടെങ്കിലും ഇന്ത്യയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ അപേക്ഷകരിലുള്ള വിശ്വാസവും ഇന്ത്യയുമായുള്ള ശക്തമായ നയതന്ത്ര ബന്ധവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

വിസ അപേക്ഷകരുടെ ആരോഗ്യം, പ്രായം, ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യം, സാമ്പത്തിക നില എന്നിവ വിസ ഉദ്യോഗസ്ഥർ ഇനി മുതൽ കർശനമായി പരിശോധിക്കും. പ്രായമായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വിസ ലഭിക്കുന്നത് ഇനി പ്രയാസകരമാകും. അമേരിക്കയിലെത്തിയ ശേഷം സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് വിസ നൽകേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അമേരിക്കൻ ജനതയുടെ സ്വത്തും സൗകര്യങ്ങളും ദുരുപയോഗം ചെയ്യുന്നവരെ തടയാൻ തങ്ങളുടെ അധികാരം ഉപയോഗിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗ്ഗട്ട് വ്യക്തമാക്കി.

വിസാ നടപടികൾ മരവിപ്പിച്ച അമേരിക്കയുടെ പുതിയ പട്ടികയിൽ ഉൾപ്പെട്ടത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം പാകിസ്ഥാനെയും ‘ഹൈ-റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

ബ്രസീൽ, തായ്‌ലൻഡ്, കുവൈത്ത് തുടങ്ങിയ മുൻനിര രാജ്യങ്ങൾ പോലും അപ്രതീക്ഷിതമായി ഈ വിലക്കിൽ ഉൾപ്പെട്ടപ്പോൾ, ഇന്ത്യയെ ഇതിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ മികച്ച വിസ പരിശോധനാ സംവിധാനങ്ങളും അപേക്ഷകരുടെ കൃത്യതയുമാണ് ഇതിന് സഹായകമായത്. പുതിയ ഇമിഗ്രന്റ് വിസകൾ അനുവദിക്കുന്നത് ജനുവരി 21 മുതൽ നിർത്തിവെക്കുമെങ്കിലും, നിലവിൽ സാധുവായ വിസ കൈവശമുള്ളവരെ ഈ നടപടി ബാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഈ വിലക്ക് ബാധകം. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ തുടങ്ങിയ നോൺ-ഇമിഗ്രന്റ് വിസകളെ ഇത് ബാധിക്കില്ല.

മലയാളം വാർത്തകൾ/ വാർത്ത/India/

പാകിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് അമേരിക്കൻ വിസ വിലക്ക്; ഇന്ത്യയ്ക്ക് ഇളവ്, ജനുവരി 21 മുതൽ പ്രാബല്യത്തിൽ