Leading News Portal in Kerala

സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി |PM Modi Urges Speedy Completion of Bengaluru Suburban Rail and Telangana Irrigation Projects | India


Last Updated:

പദ്ധതികൾ വൈകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതസൗകര്യങ്ങളെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു

News18
News18

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ‘പ്രഗതി’ (PRAGATI) യോഗത്തിൽ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഏറെക്കാലമായി മന്ദ​ഗതയിൽ നടക്കുന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയും തെലങ്കാനയിലെ പ്രധാന ജലസേചന പദ്ധതിയും എത്രയും വേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പദ്ധതികൾ പൂർത്തിയാക്കാൻ വൈകുന്നതിലൂടെ നിർമ്മാണച്ചെലവ് വൻതോതിൽ വർദ്ധിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

2025 ഡിസംബർ 31-ന് നടന്ന 50-ാമത് പ്രഗതി യോഗത്തിലാണ് ഈ അവലോകനം നടന്നത്. പദ്ധതികൾ വൈകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതസൗകര്യങ്ങളെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

നാല് പതിറ്റാണ്ടായി ചർച്ചകളിൽ മാത്രം ഒതുങ്ങിനിന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയ്ക്ക് 2020-ൽ ആണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2023-ൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം പകുതി പോലും പൂർത്തിയായിട്ടില്ല.

ഏകദേശം 148 കിലോമീറ്റർ ദൂരത്തിൽ ബംഗളൂരു നഗരം, പ്രാന്തപ്രദേശങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ കോർത്തിണക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണ ചെലവ് ഇപ്പോൾ ഏകദേശം 1,020 കോടി രൂപയോളം വർദ്ധിച്ചിട്ടുണ്ട്. നേരത്തെ 15,767 കോടി രൂപയായിരുന്ന പദ്ധതി ചെലവ് ഇപ്പോൾ 16,876 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. 2023-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. 40 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് അന്ന് തുടക്കം കുറിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം 10 ലക്ഷത്തോളം യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെലങ്കാനയിലെ സുപ്രധാനമായ ജെ. ചൊക്ക റാവു ദേവദുല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 2001-ൽ അന്നത്തെ സംയുക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ. ചന്ദ്രബാബു നായിഡുവാണ് വിഭാവനം ചെയ്തത്. തെലങ്കാനയിലെ വാരങ്കൽ, കരിംനഗർ, നൽഗൊണ്ട എന്നീ ജില്ലകളിലായി 5.57 ലക്ഷം ഏക്കർ കൃഷിഭൂമിക്ക് ജലസേചനം നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണിത്. 2027-ഓടെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/

സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി