സർക്കാർ ഓഫീസിന് പുറത്ത് കണ്ട മധുരപലഹാരം കഴിച്ച മൂന്ന് പേർ മരിച്ചു | Two died after consuming sweets abandoned outside government office | India
Last Updated:
പിഎച്ച്ഇഡി ഓഫീസിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പച്ചക്കറികളും ഒരു പെട്ടിനിറയെ മധുരപലഹാരങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തിയത്
ഓഫീസിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മധുരപലഹാരം കഴിച്ച മൂന്ന് പേർ മരിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ മൂന്ന് ദിവസത്തിനുള്ളിലാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജനുവരി 9ന് പിഎച്ച്ഇഡി ഓഫീസിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പച്ചക്കറികളും ഒരു പെട്ടിനിറയെ മധുരപലഹാരങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തിയതെന്ന് ജുന്നാർഡിയോ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് രാകേഷ് സിംഗ് ബാഗേൽ പറഞ്ഞു. ബാഗിനുള്ളിൽ പഴവർഗങ്ങൾ കൂടാതെ പേഡയായിരുന്നു ഉണ്ടായിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ചൗക്കിദാർ ദസാരു യജുവൻഷി (50) ബാഗ് കണ്ടെത്തുകയും അത് പരിശോധിക്കുകയും ചെയ്തു. ബാഗിലെ ഒരു പെട്ടിയിൽ നിന്ന് കണ്ടെത്തിയ പേഡ അദ്ദേഹം രുചിച്ചു നോക്കി. പിറ്റേദിവസം രാത്രിയിൽ അദ്ദേഹത്തിന് കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ചിന്ദ്വാര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജനുവരി 11ന് അദ്ദേഹം മരിച്ചു.
“അതേസമയം, അദ്ദേഹത്തിന്റെ കുടുംബം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ടം പരിശോധന കൂടാതെ മൃതദേഹം സംസ്‌കരിച്ചു,” ചിന്ദ്വാരയിലെ ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശേഷിച്ച മധുരപലഹാരമടങ്ങിയ പെട്ടി സമീപത്ത് ചായക്കട നടത്തുന്ന ഒരാൾ വീട്ടിലേക്ക് കൊണ്ടുപോയി. ജനുവരി 11ന് വയറിളക്കത്തെ തുടർന്ന് കുടുംബത്തിലെ നാല് പേരെയും ജുന്നാർഡിയോ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ജനുവരി 13ന് ചികിത്സയ്ക്കിടെ കുടുംബാംഗമായ 72 വയസ്സുള്ള സുന്ദർ ലാൽ കതൂരിയ മരിച്ചു.
“ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായതും മൂന്ന് പേരുടെ മരണങ്ങൾക്ക് കാരണമായതുമായ പേഡയിൽ എന്താണുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് നിഗൂഢത നിലനിൽക്കുന്നുണ്ട്. കതൂരിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനൊപ്പം പേഡയുടെ സാംപിളുകളും ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. മധുരപലഹാരം മലിനമായതാണോ അതോ വിഷം അടങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ സാംപിളുകൾ ഭക്ഷ്യ പരിശോധന ലാബിലേക്കും അയച്ചിട്ടുണ്ട്,” ജുന്നാർഡിയോ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് കൂട്ടിച്ചേർത്തു.
ശേഷം മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ബുധനാഴ്ച രാവിലെയാണ് ഖുഷ്ബു കതൂരിയ (22) മരിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതുൾപ്പെടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Thiruvananthapuram,Kerala
