മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍; തിരുവനന്തപുരം കൊമ്പന്‍സിന്റെ സമ്മര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെൻ്റ് സമാപിച്ചു|Thiruvananthapuram Kompans summer school football tournament concludes
Last Updated:
തിരുവനന്തപുരത്തെ 10 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊമ്പന്‍സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കി
തിരുവനന്തപുരം: തകര്‍ത്തു പെയ്ത മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍ കളിച്ചു തകര്‍ത്തപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് കളി മികവിന്റെ പുതിയ ബാലപാഠങ്ങള്‍. തിരുവനന്തപുരത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കൊമ്പന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമാപന ദിവസം മൂന്ന് വിഭാഗങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ കനത്ത മഴയിലും ആവേശമായി.
അണ്ടര്‍ 16 വിഭാഗത്തില്‍ ലിയോ 13 പുല്ലുവിള ചാമ്പ്യന്മാരായി. എംവിഎച്ച്എസ്എസ് അരുമാനൂരിനെ 3-0 തോല്‍പ്പിച്ചാണ് ലിയോ 13 പുല്ലുവിള കപ്പടിച്ചത്. മികച്ച പ്ലെയേര്‍സായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, അരവിന്ദ് തിരഞ്ഞെടുത്തപ്പോള്‍ സഞ്ജു മികച്ച ഗോള്‍ കീപ്പറായി. അണ്ടര്‍ 14 വിഭാഗത്തില്‍ സെന്റ് മാത്യൂസ് പൊഴിയൂര്‍ സ്‌കൂള്‍ ലിയോ 13 പുല്ലുവിളയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു.
ഈ വിഭാഗത്തില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായി അനന്തുവും മികച്ച കളിക്കാരനായി എബിനെയും തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടന്ന ഫൈനലില്‍ ലിയോ 13 പുല്ലുവിളയും ഗവണ്‍മെന്റ് യുപിഎസും പൊഴിയൂര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 4-0 ഗോളുകള്‍ക്ക് ലിയോ 13 പുല്ലുവിള വിജയിച്ചു. മികച്ച പ്ലേയര്‍ക്കുള്ള ട്രോഫി ദര്‍ശന രാജും, പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സ്റ്റഫീനയും, മികച്ച ഗോള്‍ കീപ്പറായി സോജയെയും തിരഞ്ഞെടുത്തു.
കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ അഞ്ചു മണിയോടെ അവസാനിച്ചു. രാവിലെ മുതല്‍ പെയ്ത കനത്ത മഴ വിദ്യാര്‍ത്ഥികളുടെ കളിയാവേശത്തിന് തടസമായില്ല. മത്സരശേഷം നടന്ന ചടങ്ങില്‍ വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള സമ്മാന വിതരണം കൊമ്പന്‍സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഉടമകളായ ജി. വിജയരാഘവന്‍, കെ.സി. ചന്ദ്രഹാസന്‍, ടി.ജെ. മാത്യു, ടെറന്‍സ് അലക്‌സ് എ്ന്നിവര്‍ ചേര്‍ന്ന് നടത്തി.
വിഎച്ച്എസ്എസ് പൂവാര്‍, ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ തൈക്കാട്, ലിയോ 13 പുല്ലുവിള, ഗവണ്‍മെന്റ് എച്ച്എസ്എസ് കുളത്തൂര്‍, സെന്റ് മാത്യൂസ് പൊഴിയൂര്‍, ജിഎച്ച്എസ്എസ് കഴക്കൂട്ടം, ഗവണ്‍മെന്റ് യുപിഎസ് പൊഴിയൂര്‍, മുസ്ലിം സ്‌കൂള്‍ കണിയാപുരം, ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസ് ചാല, എംവി എച്ച്എസ്എസ് അരുമാനൂര്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കടുത്തത്.
കൊമ്പന്‍സ് ടീമിന്റെ വേനല്‍ക്കാല ഔട്ട്റീച്ച് പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരത്തെ 10 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊമ്പന്‍സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കിയത്. ക്യാമ്പില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഈ പരിശീലന ക്യാമ്പുകളുടെ സമാപനമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. തലസ്ഥാന നഗരത്തില്‍ ഊര്‍ജ്ജസ്വലമായ ഒരു ഫുട്ബോള്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ടൂര്‍ണമെന്റില്‍ കുട്ടികളിലെ ശാരീരിക ക്ഷമത, ടീം വര്‍ക്ക് എന്നിവ പ്രോത്സാഹിപ്പിക്കാനും അതിലൂടെ കളിമികവുള്ള വരും തലമുറയെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതിയാണ് കൊമ്പന്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
Thiruvananthapuram,Kerala
June 15, 2025 7:14 PM IST
മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍; തിരുവനന്തപുരം കൊമ്പന്‍സിന്റെ സമ്മര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെൻ്റ് സമാപിച്ചു