Leading News Portal in Kerala

IPL 2025 Final: ‘ഈ സാലാ കപ്പ് നമ്ദേ…’; 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ഐപിഎൽ കിരീടം; കപ്പിൽ മുത്തമിട്ട് കിംഗ് കോഹ്ലി| royal challengers bengaluru beats punjab kings in title clash of IPL 2025 virat kohli


Last Updated:

RCB Vs PBKS: ഐപിഎൽ ചാമ്പ്യൻമാരുടെ പട്ടികയിലേക്ക് എത്താൻ പഞ്ചാബ് കിംഗ്സിന് ഇനിയും കാത്തിരിക്കണം

ഐപിഎൽ കന്നിക്കിരീടവുമായി കോഹ്ലി  (BCCI Photo)ഐപിഎൽ കന്നിക്കിരീടവുമായി കോഹ്ലി  (BCCI Photo)
ഐപിഎൽ കന്നിക്കിരീടവുമായി കോഹ്ലി (BCCI Photo)

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിംഗ് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. കലാശപ്പോരിൽ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി ഐപിഎൽ കിരീടം സ്വന്തമാക്കി. ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

കന്നി കിരീടം ലക്ഷ്യമിട്ട് ‌മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും പതിവുപോലെ വെടിക്കെട്ടോടെ തുടങ്ങി. നാലോവറിൽ 32 റൺസെടുത്ത് നിൽക്കെ പ്രിയാൻഷ് ആര്യയുടെ (19 പന്തിൽ 24)വിക്കറ്റ് നഷ്ടമായി. പവർപ്ലേയിൽ പഞ്ചാബ് സ്‌കോർ 50 കടന്നു.

രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് സ്‌കോറുയർത്തി. എന്നാൽ പിന്നീട് ബെംഗളൂരു കാത്തിരുന്ന ബ്രേക്ക് ത്രൂ ലഭിച്ചു. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ് അയ്യരേയും (1) മടക്കിയതോടെ ആർസിബി കളിയിലേക്ക് മടങ്ങിവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ മടക്കിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.

എന്നാൽ നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 16 ഓവറിൽ 4ന് 136 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറിൽ വേണ്ടത് 55 റൺസ്. പിന്നാലെ നേഹൽ വധേരയെയും(15) മാർക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വർ കുമാർ ആർസിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമർസായ് ഒരു റണ്ണെടുത്ത് പുറത്തായി. 61 റൺസുമായി അവസാനം വരെ പൊരുതിയ ശശാങ്ക സിംഗിനും അപ്രാപ്യമായിരുന്നു അവസാന ഓവറിലെ 29 റൺസ് വിജയലക്ഷ്യം. എന്നിട്ടും 184 വരെയെത്തിയത് ശശാങ്കിന്റെ കടന്നാക്രമണത്തിൽ. ‍‌

ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറിൽ കത്തിക്കയറിയ ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോഹ്ലിയും ചേർന്ന് സ്‌കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55ലെത്തി. പിന്നാലെ ചാഹൽ മായങ്കിനെ വീഴ്ത്തി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. അതോടെ ആർസിബി 56-2 എന്ന നിലയിലായി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്.

അമിതാവേശം കാണിക്കാതെയാണ് കോഹ്ലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാൽ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. 11-ാം ഓവറിൽ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം. മധ്യഓവറുകളിൽ വേഗം റൺസ് കണ്ടെത്താൻ ആർസിബി വിഷമിച്ചു. പിന്നാലെ കോഹ്ലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകൾ നേരിട്ട കോഹ്ലി 43 റൺസാണെടുത്തത്.

എന്നാൽ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170 കടന്നു. ലിവിങ്‌സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് ശർമ 10 പന്തിൽ നിന്ന് 24 റൺസുമെടുത്തു. 200 കടന്നുള്ള സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ച ആർസിബിയെ അവസാന 3 ഓവറുകളിൽ പഞ്ചാബ് ബൗളർമാർ വരിഞ്ഞുമുറുക്കി. റൊമാരിയോ ഷെഫേർഡ് 17 റൺസെടുത്ത് പുറത്തായി. കൈൽ ജേമിസണും അർഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.

Summary: An 18-year-old wait has finally come to end as RCB outclassed Punjab Kings in a pulsating title clash of IPL 2025 held at the Narendra Modi Stadium in Ahmedabad on Tuesday. Chasing what at one stage appeared to be a below-par total 191, PBKS were undone by another superb bowling display from RCB as they finished at 184/7 in 20 overs.

മലയാളം വാർത്തകൾ/ വാർത്ത/Sports/

IPL 2025 Final: ‘ഈ സാലാ കപ്പ് നമ്ദേ…’; 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ഐപിഎൽ കിരീടം; കപ്പിൽ മുത്തമിട്ട് കിംഗ് കോഹ്ലി