IPL 2025 Final: കന്നിക്കിരീട നേട്ടം ബെംഗളൂരുവിനോ പഞ്ചാബിനോ? ഐപിഎൽ കലാശപ്പോര് ഇന്ന്| IPL 2025 Final RCB Vs PBKS who will win Royal Challengers Bengaluru or Punjab Kings
Last Updated:
ആര് ജയിച്ചാലും അവരുടെ കന്നിക്കിരീടമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും റണ്ണറപ്പായി മടങ്ങാനായിരുന്നു ഇരുടീമുകളുടെയും വിധി
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിൽ ഇന്ന് കലാശപ്പോര്. രാത്രി 7.30 മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഏറ്റുമുട്ടും. ആര് ജയിച്ചാലും അവരുടെ കന്നിക്കിരീടമായിരിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുമ്പ് ഫൈനലിലെത്തിയപ്പോൾ ഇരുടീമുകളും റണ്ണറപ്പാവുകയായിരുന്നു.
രജത് പാട്ടിദാർ നയിക്കുന്ന ആർസിബിയും ശ്രേയസ് അയ്യരുടെ കീഴിൽ അടിമുടിമാറിയ പഞ്ചാബും ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇരുടീമിനും 19 വീതം പോയന്റാണ് ലഭിച്ചത്. റൺറേറ്റ് ബലത്തിൽ പഞ്ചാബ് ഒന്നും ആർസിബി രണ്ടും സ്ഥാനങ്ങളിലെത്തി. ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെതിരെ വൻ ജയവുമായി ആർസിബി നേരിട്ട് ഫൈനലിൽ പ്രവേശിച്ചു. അയ്യരും സംഘവും രണ്ടാം അവസരത്തിൽ മുംബൈ ഇന്ത്യൻസിനെ തകര്ത്താണ് ഫൈനലിലെത്തിയത്.
സൂപ്പർതാരം വിരാട് കോഹ്ലിയുടെ 18ാം സീസണാണ്. ഐപിഎല്ലിന്റെ തുടക്കം മുതൽ കളത്തിലുണ്ടെങ്കിലും കിരീടനേട്ടം സ്വന്തമാക്കാനാകാത്തത് ആരാധകർക്കും താരത്തിനും നോവായി അവശേഷിക്കുന്നു. ഇത്തവണ കിരീടവുമായി കിങ് കോഹ്ലി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുമ്പ് മൂന്ന് തവണ ഫൈനലിൽ കളിച്ചിട്ടും കപ്പിൽ തൊടാനായിട്ടില്ല. 18 സീസണിലും ഒറ്റ ടീമിന്റെ ജഴ്സിയേ കോഹ്ലി അണിഞ്ഞിട്ടുള്ളൂവെന്ന അപൂർവതയുമുണ്ട്.
മറുവശത്ത് കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് ശ്രേയസ് അയ്യർ. എന്നാൽ, കിരീടനേട്ടത്തിലും കൊൽക്കത്ത ശ്രേയസിനെ നിലനിർത്തിയില്ല. മെഗാ ലേലത്തിലൂടെ പഞ്ചാബ് കിങ്സിലെത്തിയ താരത്തെ ക്യാപ്റ്റനുമാക്കി. ആ തീരുമാനം ശരിവെച്ച് നായകനെന്ന നിലയിലും ബാറ്ററായും തകർപ്പൻ പ്രകടനമാണ് ശ്രേയസ് നടത്തിയത്. 2020ൽ ഡൽഹി കാപിറ്റൽസിനെയും 24ൽ കൊൽക്കത്തയെയും ഇക്കുറി പഞ്ചാബിനെയും ഫൈനലിലേക്ക് നയിച്ചു. 2020ൽ കിരീടം ലഭിച്ചില്ലെങ്കിലും പഞ്ചാബ് ജേതാക്കളായാൽ തുടർച്ചയായ രണ്ട് സീസണുകളിൽ വെവ്വേറെ ടീമുകളുടെ കപ്പുയർത്തുന്ന ക്യാപ്റ്റനാവും ശ്രേയസ്.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
June 03, 2025 8:13 AM IST