ഇന്ത്യാ-പാക് സംഘർഷം; ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്‍വലിക്കാന്‍ BCCI India-Pakistan conflict BCCI to withdraw Indian cricket team from Asia Cup
Last Updated:
ഇന്ത്യയായിരുന്നു ഈ വർഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്നത്
ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുരുഷ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്‍വലിക്കാന്‍ BCCI നീക്കമെന്ന് റിപ്പോർട്ട്.ജൂണിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന വനിതാ എമേർജിംഗ് ടീംസ് ഏഷ്യാ കപ്പിൽ നിന്നും 2025 ലെ പുരുഷ ഏഷ്യാ കപ്പിൽ നിന്നും ടീമുകളെ പിൻവലിക്കുന്നതായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് (എസിസി) ബിസിസിഐ അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ മന്ത്രി മൊഹ്സിൻ നഖ്വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി. പാകിസ്ഥാൻ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ലെന്നും വരാനിരിക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുന്നതിനെക്കുറിച്ച് എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്നും എസിസിയുടെ ടൂണമെന്റുകളിലെ ഭാവി പങ്കാളിത്തവും നിർത്തിവച്ചിരിക്കുന്നതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) പാകിസ്ഥാനിലെയും ഒന്നിലധികം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാത്. ഈ ഘട്ടത്തില്‍ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം.
ഇന്ത്യയായിരുന്നു ഈ വർഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്നത്. 2023 ൽ നടന്ന ഏഷ്യ കപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യൻമാരായിരുന്നു.ഏഷ്യാ കപ്പിന്റെ സ്പോൺസർമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ബിസിസിഐയുടെ തീരുമാനം ടൂർണമെന്റ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇന്ത്യയെ കൂടാതെ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ഏഷ്യാ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നെങ്കിലും ബിസിസിഐ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചില്ലായിരന്നു.തുടർന്ന് ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടന്നത്. ഈ വർഷം ആദ്യം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഹൈബ്രിഡ് മോഡലിൽ ദുബായിയിൽ വച്ചാണ് നടന്നത്
New Delhi,Delhi
May 19, 2025 12:48 PM IST