Leading News Portal in Kerala

Happy Birthday MS Dhoni | ക്യാപ്റ്റൻ കൂളിന് 44-ാം പിറന്നാൾ ; അറിയാം ധോണിയുടെ IPL ലേലത്തുക മുതൽ റെക്കോഡുകൾ വരെ Happy Birthday MS Dhoni Captain Cool turn 44 today Know about his IPL auction price to records runs and captaincy


Last Updated:

രണ്ട് പതിറ്റാണ്ടോളമായി നീളുന്ന കരിയറിൽ നിരവധി നേട്ടങ്ങളാണ് ധോണി തന്റെ കൈപ്പിടിയിൽ ഒതുക്കിയത്

News18News18
News18

ഇന്ത്യയുടെ ഇതിഹാസ താരം ക്യാപ്റ്റൻ കൂൾ എം എസ് ധോണിക്ക് ഇന്ന് 44-ാം പിറന്നാൾ.1981 ജൂലൈ 7 ന് ജനിച്ച ധോണി ക്രിക്കറ്റിൽ 2 പതിറ്റാണ്ടോളമായി നീളുന്ന തന്റെ കരിയറിൽ അസൂയാവഹമായ നേട്ടങ്ങളാണ് കൈപ്പിടിയിൽ ഒതുക്കിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന എംഎസ് ധോണി 2007 ലെ ടി20 ലോകകപ്പ്, 2011 ലെ ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ദേശീയ ടീമിൽ മാത്രമല്ല കുട്ടി ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായും അദ്ദേഹം തന്റെ നേതൃപാടവം എന്താണെന്ന് തെളിയിച്ചിട്ടുണ്ട്.ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ കിംഗ്സിനെ അഞ്ച് കിരീടങ്ങളിലേക്ക് ധോണി നയിച്ചു. വർഷങ്ങളായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ പര്യായമാണ് ഈ ജാർഖണ്ഡ് കാരൻ. ഐ‌പി‌എല്ലിന്റെ തുടക്കം മുതൽ ചെന്നെയുടെ ഹൃദയമിടിപ്പാണ് ആരാധകർ ‘തല’ എന്ന് ആവേശത്തോടെ വിളിക്കുന്ന എംഎസ് ധോണി.

ധോണിയുടെ IPL കരിയറും റെക്കോഡുകളും

2008-ൽ ഐപിഎല്ലിന്റെ ഉദ്ഘാടന പതിപ്പിനായി ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് 6 കോടി രൂപയ്ക്ക് വാങ്ങി. അത് ലീഗിന്റെ ചരിത്രത്തിലെ മികച്ച അസോസിയേഷനുകളിൽ ഒന്നിന് തുടക്കമിട്ടു. അതിനുശേഷം, ധോണി തന്റെ ഐപിഎൽ കരിയറിൽ 278 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016, 2017 ഐപിഎൽ പതിപ്പുകളിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്‌സിനൊപ്പമുള്ള രണ്ട് വർഷം ഉൾപ്പെടെ.

ഐപിഎല്ലിൽ 38.30 ശരാശരിയിൽ 137.45 സ്ട്രൈക്ക് റേറ്റിൽ ധോണി അടിച്ചുകൂട്ടിയത് 5,439 റൺസാണ്. ധോണിയുടെ ഐപിഎൽ റെക്കോർഡിൽ 25 അർദ്ധസെഞ്ച്വറികളും 84 നോട്ടൗട്ടുകളും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് (5,439) നേടിയതും ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതും (235) ധോണിയാണ്. ഐപിഎല്ലിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും കൂടുതൽ പുറത്താക്കൽ  നടത്തിയതും 44 കാരനായ ധോണിയാണ്. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമാണ് ധോണിയുടെ പേരിലുള്ളത്.

 ധോണിയുടെ ലേലത്തുക (2008-2025)

ബാറ്റിംഗിൽ ധോണിയുടെ മികച്ച വർഷങ്ങൾ

2008 മുതൽ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന എംഎസ് ധോണി ആദ്യ സീസണിൽ 414 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു. 2013 ൽ 162.89 എന്ന സ്ട്രൈക്ക് റേറ്റിൽ 461 റൺസാണ് ധോണി നേടിയത്. 2024ൽ 220.55 എന്ന സ്ട്രൈക്ക് റേറ്റിൽ 161 റൺസും ധോണിക്ക് നേടാനായി. ധോണിയുടെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ശരാശരിയായ 83.20 റൺസ് 2019 ഐപിൽ പതിപ്പിലായിരുന്നു പിറന്നത്. 2020 ലും 2021 ലും ഫോമിൽ ഇടിവ് നേരിട്ടെങ്കിലും, പിന്നീടുള്ള സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം തിരിച്ചുവന്നത്. ഫിനിഷിംഗ് കഴിവുകൾക്ക് പേരുകേട്ട ധോണി, വർഷങ്ങളായി തന്റെ റോൾ മികച്ച രീതിയിൽ ടീമിന്റെ ആവശ്യാനുസരണം അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ സീസണുകളിലും, അദ്ദേഹത്തിന്റെ സാന്നിധ്യവും തന്ത്രങ്ങളും സി‌എസ്‌കെയ്ക്ക് നിർണായകമായി തുടരുന്നു. മാറുന്ന ബാറ്റിംഗ് പൊസിഷനുകളിലും പരിമിതമായ അവസരങ്ങളിലും പോലും തന്റെ മൂല്യം എന്താണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ധോണി

ഐപിഎല്ലിലെ ക്യാപ്റ്റൻ കൂൾ ധോണി

ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (226), ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (133), ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ (10), ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ പ്ലേഓഫിൽ പങ്കെടുത്തത് (12), മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസം രോഹിത് ശർമ്മയ്‌ക്കൊപ്പം ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ധോണിയുടെ ക്യാപ്റ്റൻസിയിൽ, 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ സിഎസ്‌കെ കിരീടം ഉയർത്തി. ഐപിഎല്ലിൽ ധോണി ആകെ 226 മത്സരങ്ങളിൽ ക്യാപ്റ്റനാവുകയും അതിൽ 133 മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.