Leading News Portal in Kerala

വൈഭവ് സൂര്യവംശി: പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം | Vaibhav Suryavanshi youngest player in India cricket team to strike a T20 century


Last Updated:

വെറും 35 ബോളില്‍ നിന്നാണ് 101 റണ്‍സ് നേടി പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം വൈഭവ് സ്വന്തമാക്കിയത്

News18News18
News18

ഐപിഎല്ലില്‍ തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) മിന്നുന്ന ജയമാണ് നേടിയത്. രാജസ്ഥാന് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായതോ, വൈഭവ് സൂര്യവംശിയെന്ന (Vaibhav Suryavanshi) 14കാരന്‍ നേടിയ സെഞ്ചുറിയും. വെറും 35 ബോളില്‍ നിന്നാണ് 101 റണ്‍സ് നേടി പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം വൈഭവ് സ്വന്തമാക്കിയത്.

2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ക്രിസ് ഗെയില്‍ നേടിയ 30 പന്തില്‍ നിന്നുള്ള സെഞ്ചുറിയാണ് ഐപിഎല്ലിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് വൈഭവ് തിങ്കളാഴ്ച നേടിയത്. ഐപിഎല്ലിൽ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഇതാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ യൂസഫ് പഠാന്‍ നേടിയ 37 പന്തില്‍ നിന്നുള്ള സെഞ്ചുറി ഇതോടെ പഴങ്കഥയായി.

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ കരിം ജനത് എറിഞ്ഞ ഓവറില്‍ വൈഭവ് 30 റണ്‍സ് നേടിയത് നിര്‍ണായകമായി.

വൈഭവ് നേടിയ 101 റണ്‍സില്‍ 94 റണ്‍സും ബൗണ്ടറികളിലൂടെയാണ് നേടിയത്. ഒരു ഐപിഎല്‍ ഇന്നിംഗ്‌സില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും അധികം സിക്‌സറുകളാണിത്. 38 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത വൈഭവിനെ പ്രസീദ് കൃഷ്ണയാണ് പുറത്താക്കിയത്. ഏഴ് ബോളര്‍മാരാണ് മത്സരത്തില്‍ വൈഭവിനെ നേരിട്ടത്. 40 ബോളില്‍ നിന്ന് 70 റണ്‍സ് നേടിയ യശസ്വി ജയ്‌സ്‌വാളും ക്യാപ്റ്റൻ റിയാന്‍ പരാഗും ചേര്‍ന്ന് എട്ട് വിക്കറ്റും 25 ബോളും ശേഷിക്കെ വിജയലക്ഷ്യം കൈവരിച്ചു.

“ഇത് വളരെ നന്നായിട്ടുണ്ട്. ഐപിഎല്ലിലെ എന്റെ മൂന്നാം ഇന്നിംഗ്‌സിലെ ആദ്യ സെഞ്ചുറിയാണിത്,” പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയ ശേഷം വൈഭവ് പറഞ്ഞു. “കഴിഞ്ഞ മൂന്ന് നാല് മാസങ്ങളില്‍ ഞാന്‍ നടത്തിയ പരിശീലനത്തിന് ഫലം ലഭിച്ചിരിക്കുന്നു. എനിക്ക് ഗ്രൗണ്ട് മുഴുവനായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പന്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജയ്‌സ്‌വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി. അദ്ദേഹം വളരെ പോസിറ്റീവായി നില്‍ക്കുകയും എനിക്ക് ഉപദേശം നല്‍കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എളുപ്പമാണ്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്നത് ഒരു സ്വപ്‌നമാണ്. ബോളര്‍മാര്‍ ലക്ഷ്യമിടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. കളിക്കുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” വൈഭവ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായ സഞ്ജു സാംസണ്‍ മത്സരത്തില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ വൈഭവിന് അവസരം ലഭിക്കുകയില്ലായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു വിശ്രമത്തിലാണ്. ഐപിഎല്ലില്‍ മൂന്ന് ഇന്നിംഗ്‌സുകളില്‍ 34, 16, 101 റണ്‍സ് വീതമാണ് വൈഭവ് നേടിയത്. ഐപിഎല്ലിന് മുമ്പ് 58 ബോളില്‍ സെഞ്ചുറി നേടിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. അണ്ടര്‍ 19 ടീമില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അദ്ദേഹം രണ്ട് അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ബിഹാറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്.

1.10 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.

“കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം നെറ്റ്‌സില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വൈഭവിന് എന്തൊക്കെ കഴിവുകളുണ്ടെന്നും അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍, ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ഇതുപോലെയൊരു സാഹചര്യത്തില്‍ മികച്ച ബൗളിംഗ് ടീമിനെതിരേ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു,” രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പറഞ്ഞു.