Vaibhav Suryavanshi: ആദ്യ പന്ത് സിക്സ് പറത്തി വരവറിയിച്ച് വൈഭവ് സൂര്യവൻഷി; 14 കാരന് സ്വപ്നതുല്യമായ തുടക്കം| Vaibhav Suryavanshi 14-Year-Old Starts IPL Career With A First-Ball Six
Last Updated:
താരലേലത്തിൽ ഏവരും ഉറ്റുനോക്കിയ വൈഭവ് സൂര്യവൻഷി ഐപിഎൽ കരിയറിന് തുടക്കമിട്ടത് സ്റ്റൈലായി തന്നെ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആദ്യ ഇന്നിങ്സിൽ തന്നെ സീനിയേഴ്സിനെ ഞെട്ടിച്ചു
ആദ്യ ഐപിഎൽ മത്സരം. പ്രായം വെറും 14 വയസ്സും 23 ദിവസവും. നേരിട്ട ആദ്യ പന്ത് കളിച്ചത് എക്സ്ട്രാ കവറിന് മുകളിൽ ഒരു പടുകൂറ്റൻ സിക്സ്. കണ്ട് നിന്ന കമന്റേറ്റര് ഷെയിൻ വാട്സൻ വായും തുറന്ന് നിന്നു. വാട്സന്റെ അതെ അവസ്ഥയിൽ ആയിരുന്നു ആ ഷോട്ട് കണ്ട ഓരോ പ്രേക്ഷകനും.
താരലേലത്തിൽ ഏവരും ഉറ്റുനോക്കിയ വൈഭവ് സൂര്യവൻഷി ഐപിഎൽ കരിയറിന് തുടക്കമിട്ടത് സ്റ്റൈലായി തന്നെ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആദ്യ ഇന്നിങ്സിൽ തന്നെ സീനിയേഴ്സിനെ ഞെട്ടിച്ചു. മത്സരം രാജസ്ഥാൻ പരാജയപ്പെട്ടെങ്കിലും വൈഭവിന്റെ 20 പന്തിൽ 34 റൺസ് രാജസ്ഥാൻ ആരാധകരുടെ മനം കീഴടക്കി.
വൈഭവ് അടിച്ചുകൂട്ടിയ 34 റൺസിൽ 3 സിക്സും 2 ഫോറും. അതായത് 34 റൻസിൽ 26 റൺസും ബൗണ്ടറിയിലൂടെ. ഓപ്പണിംഗിൽ സഞ്ജു സംസണിന്റെ അഭാവത്തിൽ യശസ്വി ജെയ്സ്വാളിനോപ്പം ഇമ്പാക്ട് പ്ലയർ ആയിട്ടാണ് എത്തിയത്. ഒടുവിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താകുമ്പോൾ കണ്ടിരുന്ന കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
രാജസ്ഥാൻ കോച്ച് ദ്രാവിഡിന്റെ മുഖത്തും ക്യാപ്റ്റൻ സഞ്ജുവിന്റെ മുഖത്തും തെളിഞ്ഞ പുഞ്ചിരിക്ക് മുന്നിൽ സന്തോഷം കൊണ്ടുള്ള കണ്ണുനീരോടെയാണ് ഈ 14 കാരൻ പുലിക്കുട്ടി കളം വിട്ടത്. ഇനി വൈഭവിനെ കളിപ്പിക്കാത്ത മത്സരത്തെ കുറിച്ച് രാജസ്ഥാന് ചിന്തിക്കാൻ പോലും കഴിയില്ല. അത്ര ഇമ്പാക്ട് ആണ് ഒറ്റ മത്സരം കൊണ്ട് ഇമ്പാക്ട് പ്ലയർ ആയി കളത്തിലെത്തിയ വൈഭവ് കാഴ്ചവെച്ചത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. രണ്ടു റൺസിനാണ് രാജസ്ഥാൻ മത്സരം കൈവിട്ടത്. ലഖ്നൗ പേസ് ബോളർ ആവേശ് ഖാൻ്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് സൂപ്പർ ജയൻ്റ്സിന് ജയം സമ്മാനിച്ചത്. 74 റൺസുമായി കളം നിറഞ്ഞ യശസ്വി ജെയ്സ്വാളിൻ്റെ പുറത്താകലാണ് മത്സരം മാറ്റിമറിച്ചത്. പിന്നാലെ റിയാൻ പരാഗിനെയും ഹെറ്റ്മെയറേയും വീഴ്ത്തി ആവേശ് ഖാൻ ലക്നൗവിന് ആവേശ ജയം ഒരുക്കി.
തകർപ്പൻ തുടക്കമായിരുന്നു രാജസ്ഥാന് ജയ്സ്വാളും കുട്ടി ക്രിക്കറ്റർ വൈഭവവും നൽകിയത്. 74 റൺസുമായി ജെയ്സ്വാൾ കളം നിറഞ്ഞതോടെ രാജസ്ഥാൻ ജയം ഉറപ്പിച്ചതാണ്. ടീം ടോട്ടൽ 85 റൺസിൽ എത്തിയപ്പോഴാണ് വൈഭവ്, ലഖ്നൗ ക്യാപ്റ്റൻ്റെ സ്റ്റമ്പിങ് മികവിൽ വീഴുന്നത്. റിയാൻ പരാഗ് രാജസ്ഥാനെ മുന്നോട്ടു കൊണ്ടുപോയെങ്കിലും ആവേശ് ഖാൻ്റെ അവസാന രണ്ട് ഓവറുകൾ എല്ലാം മാറ്റിമറിച്ചു.
എയ്ഡൻ മാർക്രവും ആയുഷ് ബദേണിയും നേടിയ അർധ സെഞ്ച്വറികളാണ് ലഖ്നൗവിനെ മോശമല്ലാത്ത നിലയിൽ എത്തിച്ചത്. ഏഴാമനായി എത്തിയ അബ്ദുൾ സമദ് 10 പന്തിൽ 30 റൺസിൻ്റെ ഈസ്റ്റർ വെടിക്കെട്ട് ഒരുക്കിയത്തോടെ ഭേദപ്പെട്ട നിലയിൽ നിന്ന് മികച്ച സ്കോറിലേക്ക് എത്തി സൂപ്പർ ജയൻ്റ്സ്. സന്ദീപ് ശർമയുടെ അവസാന ഓവറിൽ റോയൽസിന് വഴങ്ങേണ്ടി വന്നത് 27 റൺസാണ്. കേവലം 2 റൺസിന് തോറ്റ രാജസ്ഥനെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തുന്നതും ഈ അവസാന ഓവറാകും.
Jaipur,Jaipur,Rajasthan
April 20, 2025 7:51 AM IST