Leading News Portal in Kerala

IPL 2025 വിഘ്നേഷ് പുത്തൂര്‍; മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പു ചീട്ട്|Malappuram native Vignesh puthur who is auto driver s son is Mumbai Indians trump card in IPL


Last Updated:

2025ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ സ്വന്തമാക്കിയത്

News18News18
News18

ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ വിഘ്‌നേഷ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ റിതുരാജ് ഗെയ്ക്‌വാദിനെയും ശിവം ദുബെയേയും ദീപക് ഹൂഡയേയും വീഴ്ത്തി മലയാളികളുടെ അഭിമാനമായി മാറി. നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയാണ് ഇടംകൈയ്യന്‍ സ്പിന്നറായ വിഘ്‌നേഷ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചത്.

മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്. വിഘ്‌നേഷിന്റെ അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ വീട്ടമ്മയാണ്. 2025ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ സ്വന്തമാക്കിയത്. സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരമാണ് വിഘ്‌നേഷ്. അണ്ടര്‍-14 , അണ്ടര്‍-19 മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനുവേണ്ടി വിഘ്‌നേഷ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും വിഘ്‌നേഷ് തന്റെ കഴിവ് തെളിയിച്ചു.

വിഘ്‌നേഷ് മീഡിയം പേസ് ബൗളിംഗിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് പ്രാദേശിക ക്രിക്കറ്റ് താരമായ മുഹമ്മദ് ഷെരീഫ് ലെഗ് സ്പിന്‍ പരീക്ഷിച്ചു നോക്കാന്‍ വിഘ്‌നേഷിനോട് ആവശ്യപ്പെട്ടു. അതാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്കായി വിഘ്‌നേഷ് തൃശൂരിലേക്ക് താമസം മാറുകയും ചെയ്തു. സെന്റ് തോമസ് കോളേജിലെത്തിയ അദ്ദേഹം കേരള കോളേജ് പ്രീമിയര്‍ ടി-20 ലീഗില്‍ താരമായി മാറി.

ഈവര്‍ഷമാദ്യം അദ്ദേഹത്തെ എസ്എ20യ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. അവിടെ അദ്ദേഹം മുംബൈ ഇന്ത്യന്‍സ് കേപ് ടൗണിന്റെ നെറ്റ് ബൗളറായിരുന്നു.

അതേസമയം ഞായറാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി റിതുരാജും രചിന്‍ രവീന്ദ്രയും അര്‍ദ്ധ സെഞ്ചുറി നേടി. ചെന്നെയ്ക്കായി നൂര്‍ അഹമ്മദ് നാല് വിക്കറ്റും ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമെടുത്തു. പിന്നീട് ആറ് ഫോറുകളും മൂന്ന് സിക്‌സറും നേടിയ ഗെയ്ക്‌വാദ് 22 ബോളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടി. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയായി ഇത് മാറി. വിക്കറ്റ് നഷ്ടമുണ്ടായെങ്കിലും രചിന്‍ രവീന്ദ്ര 45 ബോളില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സറും ഉള്‍പ്പെടെ 65 റണ്‍സ് നേടി പുറത്താകാതെ നിന്നു. അതിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

IPL 2025 വിഘ്നേഷ് പുത്തൂര്‍; മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പു ചീട്ട്