Leading News Portal in Kerala

Champions Trophy 2025| ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വേണ്ടത് 265 റൺസ്; സ്മിത്തിനും കാരിക്കും അർധ സെഞ്ചുറി| Champions Trophy 2025 India Vs Australia Semifinal IND Bowls AUS Out For 264


Last Updated:

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

News18News18
News18

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം ഹെഡും മാര്‍നസ് ലബുഷെയ്‌നിനും അലക്‌സ് കാരിക്കുമൊപ്പം സ്റ്റീവ് സ്മിത്തും പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഓസ്ട്രേലിയന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.

96 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം 56 റണ്‍സ് നേടി ഓസ്ട്രേലിയയെ ട്രാക്കിലെത്തിച്ചു. പിന്നാലെ ലബുഷെയ്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റണ്‍സെടുത്താണ് താരം പുറത്തായത്. വൈകാതെ 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഇംഗ്ലിസിനെയും ജഡേജ മടക്കി.

അഞ്ചാം വിക്കറ്റില്‍ അലക്‌സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് 54 റണ്‍സ് ചേര്‍ത്തു. കാരിയാകട്ടെ സ്‌കോറിങ് റേറ്റ് താഴാതെ ബാറ്റുവീശി. ഇതിനിടെ 37-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് തകർത്തു. തുടര്‍ന്നെത്തിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (7) നിലയുറപ്പിക്കും മുമ്പേ അക്സര്‍ പട്ടേല്‍ മടക്കി. പിന്നീട് ക്രീസിലെത്തിയ ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 46-ാം ഓവറില്‍ ഡ്വാര്‍ഷ്യൂസിനെ (29 പന്തില്‍ 19) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ 48-ാം ഓവറില്‍ കാരി റണ്ണൗട്ടായി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.