Leading News Portal in Kerala

ഒരു ജീന്‍സ് ലേലത്തില്‍ പിടിച്ചാലോ? ഒരു ലോകതാരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ ഐറ്റമാണ്!| Magnus Carlsen Puts Dissent Jeans Up For Auction


Last Updated:

ലേലത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് നല്‍കും

News18News18
News18

ഡിസംബറില്‍ നടന്ന 2024 ഫിഡെ വേള്‍ഡ് റാപ്പിഡ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ മാഗ്നസ് കാള്‍സണെ പുറത്താക്കാന്‍ കാരണമായ വിവാദമായ ജീന്‍സ് ലേലത്തിന് വെച്ചു.

ഈ ജീന്‍സ് ഇബേ-യില്‍(eBay)ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ മാഗ്നസ് കാള്‍സന്റെ ##JeansGate Jeans എന്ന പേരില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 35 ബിഡുകള്‍ക്ക് ശേഷം ഈ ജീന്‍സിന് 8000 ഡോളര്‍(ഏകദേശം ഏഴ് ലക്ഷം രൂപ) ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലേലം ഒമ്പത് ദിവസത്തേക്ക് കൂടി തുടരും.

”വിലക്കപ്പെട്ട ജീന്‍സ് ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞാന്‍ എന്റെ ജീന്‍സ് ലേലം ചെയ്യുന്നു. ഞാന്‍ എഴുതുമെന്ന് ഒരിക്കലും കരുതാത്ത വാചകമാണിത്. പക്ഷേ, ഇതാ അത് എഴുതിയിരിക്കുന്നു. ലേലത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് നല്‍കും,” സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ കാള്‍സണ്‍ പറഞ്ഞു. eBay സൈറ്റിലേക്കുള്ള ലിങ്കും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ സംഘടനയാണ് ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് പ്രോഗ്രാം.

ജീന്‍സ് ധരിച്ചെത്തിയതിന് ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് മാഗ്നസ് കാള്‍സണെ അയോഗ്യനാക്കുകയായിരുന്നു. മത്സരത്തില്‍ ജീന്‍സ് ഇടാന്‍ പാടിലെന്ന ചട്ടം ലംഘിച്ചതിനാണ് ഫിഡെ താരത്തിനെതിരേ നടപടിയെടുത്തത്. ടൂര്‍ണമെന്റിന്റെ ഡ്രസ് കോഡ് പാലിച്ചിട്ടില്ലെന്ന് കാള്‍സണിന് ഫിഡെയുടെ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ചീഫ് ആര്‍ബിറ്റര്‍ അലക്‌സ് ഹോളോസാക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെസ് സൂപ്പര്‍സ്റ്റാറിന് 200 ഡോളര്‍(ഏകദേശം 17,000 രൂപ) പിഴ ചുമത്തുകയും ചെയ്തിരുന്നു. അന്ന് നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് താരം വഴങ്ങിയില്ല. അടുത്ത ദിവസം താന്‍ ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്റെ വാദം ഫിഡെ അംഗീകരിച്ചില്ല. തുടര്‍ന്ന് താരത്തിനെ മത്സരത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.

”എനിക്ക് ഫിഡെ മടുത്തു. അതിനാല്‍, എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട. അവരുമായി ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നേ ഇല്ല. എല്ലാവരും എന്നോട് ക്ഷമിക്കണം. ഒരുപക്ഷേ, ഈ തീരുമാനം മണ്ടത്തരമായിരിക്കാം. പക്ഷേ അതില്‍ എന്തെങ്കിലും തമാശയുള്ളതായി ഞാന്‍ കരുതുന്നില്ല”, നോര്‍വീജിയന്‍ ബ്രോഡ്കാസ്റ്റിംഗ് ചാനലായ എന്‍ആര്‍കെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാള്‍സണ്‍ പറഞ്ഞു.

”ഫിഡെയ്ക്ക് അവരുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും. എന്നാല്‍, എനിക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. എന്റെ മറുപടിയിലും കുഴപ്പമൊന്നുമില്ല. പിന്നെ ഇപ്പോള്‍ ഞാന്‍ പുറത്താണ്. ഇതില്‍ കൂടുതല്‍ എന്തെങ്കിലും പറയണമെന്ന് ഞാന്‍ കരുതുന്നില്ല,” കാള്‍സണ്‍ പറഞ്ഞു.

ഒടുവില്‍ വസ്ത്രധാരണരീതിയില്‍ ഇളവ് വരുത്താന്‍ ഫിഡെ തയ്യാറായി. കാള്‍സ്ണ്‍ ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മടങ്ങുകയും ചെയ്തു. മത്സരത്തില്‍ അദ്ദേഹവും ഇയാം നെപോംനിയാച്ചിയും ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഒരു ജീന്‍സ് ലേലത്തില്‍ പിടിച്ചാലോ? ഒരു ലോകതാരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ ഐറ്റമാണ്!