ഇമ്മിണി വലിയ ഒരു റൺസ്! കേരളം ആറുവർഷത്തിനുശേഷം രഞ്ജി ട്രോഫി സെമിയിൽ| Kerala reaches Ranji Trophy semi-finals after six years
Last Updated:
സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും ഏറ്റുമുട്ടും
പൂനെ: ജമ്മു കശ്മീരിനെതിരെ ഒരൊറ്റ റൺ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ. തോൽവിയുടെ പടിവാതിൽക്കൽ നിന്നാണ് കേരളം സെമിയിലേക്ക് പ്രവേശിച്ചത്. സൽമാൻ നിസാർ രണ്ട് ഇന്നിങ്സുകളിലും നടത്തിയ പോരാട്ടമാണ് കേരളത്തിന് തുണയായത്. സൽമാൻ നിസാറാണ് മാൻ ഓഫ് ദ മാച്ചും.
ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരേ സമനിലയായതോടെയാണ് ഒന്നാമിന്നിങ്സിൽ ഒരു റൺസിന്റെ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും ഏറ്റുമുട്ടും. സ്കോർ- ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ലയർ, കേരളം – 281, 295/6.
ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. തോൽക്കാതിരിക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് കേരള ബാറ്റര്‍മാർ പൊരുതിയത്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന്റെ സ്കോർ 128 ല്‍ നില്‍ക്കേ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബിയും(48) പുറത്തായതോടെ കേരളം പ്രതിരോധത്തിലായി.
ജലജ് സക്‌സേനയും(18) ആദിത്യ സര്‍വാതെയും (8) നിരാശപ്പെടുത്തിയതോടെ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലായി. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയിൽ പ്രവേശിച്ചു. സൽമാൻ നിസാര്‍ 162 പന്തിൽ 44 റൺസോടെയും മുഹമ്മദ് അസ്ഹറുദ്ദീൻ 112 പന്തിൽ 67 റൺസോടെയും പുറത്താകാതെ നിന്നു.
നേരത്തേ രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്. അതേസമയം ആദ്യ ഇന്നിങ്സിൽ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്. താരത്തിന്റെ പ്രകടനമികവിൽ ടീം ഒരു റൺ ലീഡാണ് സ്വന്തമാക്കിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ നിന്ന് സല്‍മാന്‍ നിസാർ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് ടീം സ്കോർ 281-ലെത്തിച്ചു. 112 റൺസെടുത്ത സൽമാൻ പുറത്താവാതെ നിന്നു. 15 റണ്ണായിരുന്നു ബേസിലിന്റെ സമ്പാദ്യം.
Pune (Poona) [Poona],Pune,Maharashtra
February 12, 2025 5:21 PM IST