Leading News Portal in Kerala

Rohit Sharma| ‘ഞാന്‍ വിരമിച്ചിട്ടില്ല; പേനയും ലാപ്ടോപുമായി പ്രസ് ബോക്സിലിരിക്കുന്നവരല്ല തീരുമാനിക്കേണ്ടത്’: രോഹിത് ശർമ| Rohit Sharma Clears Air On His Test Future says not retired


Last Updated:

താൻ എപ്പോൾ വിരമിക്കണമെന്ന് പേനയും ലാപ്ടോപുമായി പ്രസ് ബോക്സിലിരിക്കുന്നവര്‍ക്ക് തീരുമാനിക്കാനാവില്ല. ടീമിന്റെ ഗുണത്തിനും നേട്ടത്തിനും വേണ്ടിയാണ് ടെസ്റ്റില്‍ നിന്നും താന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. നിലവിലെ അവസ്ഥയില്‍ ആഗ്രഹിക്കുന്ന പോലെ ബാറ്റ് പ്രവര്‍ത്തിക്കുന്നില്ല. രണ്ടു കുട്ടികളുടെ അച്ഛനാണ്, സ്വയം ചിന്തിക്കാനും തീരുമാനിക്കാനുമുള്ള തലച്ചോറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു

(Picture Credit: AP)(Picture Credit: AP)
(Picture Credit: AP)

സിഡ്നി: വിരമിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലായ രോഹിത് കഴിഞ്ഞ ദിവസം സിഡ്നി ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനമെടുത്തിരുന്നു. രോഹിതിന് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും പരിക്കോ മറ്റ് കാരണങ്ങളോ അല്ലാതെ ഫോം ഔട്ടിന്റെ പേരില്‍ ക്യാപ്റ്റൻ ടെസ്റ്റില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍ ഈ തീരുമാനത്തോടെ തന്റെ 11 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് അവസാനമായെന്ന രീതിയിലാണ് പ്രചാരണങ്ങള്‍ വന്നത്. രോഹിത് ശര്‍മ വിരമിക്കുന്നു എന്ന രീതിയിലും ചില സൂചനകള്‍ വന്നു. എന്നാല്‍ താന്‍ റിട്ടയര്‍ ചെയ്യാന്‍ തീരുമാനിച്ചില്ലെന്നും മാധ്യമങ്ങളല്ല തന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രോഹിത് തുറന്നടിച്ചു.

താൻ എപ്പോൾ വിരമിക്കണമെന്ന് പേനയും ലാപ്ടോപുമായി പ്രസ് ബോക്സിലിരിക്കുന്നവര്‍ക്ക് തീരുമാനിക്കാനാവില്ല. ടീമിന്റെ ഗുണത്തിനും നേട്ടത്തിനും വേണ്ടിയാണ് ടെസ്റ്റില്‍ നിന്നും താന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. നിലവിലെ അവസ്ഥയില്‍ ആഗ്രഹിക്കുന്ന പോലെ ബാറ്റ് പ്രവര്‍ത്തിക്കുന്നില്ല. രണ്ടു കുട്ടികളുടെ അച്ഛനാണ്, സ്വയം ചിന്തിക്കാനും തീരുമാനിക്കാനുമുള്ള തലച്ചോറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.

‘കോച്ചും ടീം സെലക്ടറുമായുള്ള എന്റെ സംഭാഷണം തീര്‍ത്തും ലളിതമായിരുന്നു, എന്റെ പ്രതീക്ഷയ്ക്കൊത്ത് റണ്‍സെടുക്കാന്‍ സാധിക്കുന്നില്ല, നല്ല ഫോമില്‍ അല്ല, അതേസമയം നമുക്ക് വളരെ പ്രധാനപ്പെട്ട മാച്ചാണിതെന്നും വിജയം അനിവാര്യമാണെന്നും കരുതി, നല്ല ഫോമിലല്ലാത്തവരെ കളിപ്പിച്ച് മത്സരിപ്പിക്കാന്‍ സമയമില്ലെന്നുമാണ് താന്‍ പറഞ്ഞത്, തന്റെ തീരുമാനത്തെ കോച്ചും സെലക്ടറും പിന്താങ്ങിയെന്നും രോഹിത് പറയുന്നു’- സ്റ്റാര്‍ സ്പോര്‍ട്‌സിൽ ഇർഫാൻ പത്താനുമായുള്ള അഭിമുഖത്തിൽ രോഹിത് പറഞ്ഞു.

റണ്‍സ് നേടാനാവുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഫോമിലേക്ക് തിരിച്ചുവരാന്‍ അഞ്ചുമാസത്തില്‍ കൂടുതലെടുക്കില്ലെന്നും ഫോമിലേക്ക് തിരിച്ചെത്താനായി താന്‍ കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് പറയുന്നു.

ന്യൂസിലന്റുമായുള്ള ഇന്ത്യയിൽവച്ചുനടന്ന ടെസ്റ്റ് മാച്ചിനിടെയാണ് രോഹിതിന് ആദ്യതിരിച്ചടി കിട്ടുന്നത്. ടെസ്റ്റില്‍ സമ്പൂര്‍ണതോല്‍വി വഴങ്ങിയത് വലിയ നിരാശ സമ്മാനിച്ചു. പിന്നാലെ വന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ പ്രകടനം ടീമിനും രോഹിതിനും ഒരുപോല നിര്‍ണായകമായി.

ഓസീസ് പരമ്പരയിലും അടിതെറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ആദ്യമത്സരം വ്യക്തിപരമായ കാരണങ്ങളാല്‍ കളിച്ചില്ലെങ്കിലും രണ്ടാംടെസ്റ്റില്‍ രോഹിത് ടീമിനൊപ്പം ചേര്‍ന്നു. ടീമിന്റെ പ്രകടനം മോശമാവുകയും ചെയ്തു. പരമ്പരയില്‍ ഇതുവരെ ഇറങ്ങിയ 5 ഇന്നിങ്സുകളില്‍ 3,6,10,3,9 എന്നിങ്ങനെയാണ് രോഹിതിന്റെ സ്കോര്‍. പ്രായം കൂടുന്നതിനനുസരിച്ച് കണ്ണും കയ്യും തമ്മിലുള്ള ഒത്തിണക്കത്തില്‍ വരുന്ന പ്രശ്നങ്ങളാണ് രോഹിത്തിനെ അലട്ടുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Rohit Sharma| ‘ഞാന്‍ വിരമിച്ചിട്ടില്ല; പേനയും ലാപ്ടോപുമായി പ്രസ് ബോക്സിലിരിക്കുന്നവരല്ല തീരുമാനിക്കേണ്ടത്’: രോഹിത് ശർമ