Leading News Portal in Kerala

Ind vs Aus 5th Test: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ 4 റൺസ് ലീഡ്| India Vs Australia 5th Test Day 2 India Bundle Australia For 181 Runs Maintains Slender Lead Of 4 Runs


Last Updated:

ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും 3 വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി

(Picture Credit: AP)(Picture Credit: AP)
(Picture Credit: AP)

സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 4 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 181 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും 3 വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയക്കായി അരങ്ങേറ്റ മത്സരം കളിച്ച ബ്യൂ വെബ്സ്റ്റർ അർധ സെഞ്ചുറി നേടി. പരമ്പരയിൽ ഇതുവരെ 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി.

വെബ്സ്റ്റർ 105 പന്തിൽ 5 ഫോറുകൾ സഹിതം 57 റൺസെടുത്തു. 91 പന്തിൽ അഞ്ച് ഫോറുകൾ‌ സഹിതമാണ് വെബ്സ്റ്റർ ടെസ്റ്റിലെ കന്നി അർധസെഞ്ചുറി പൂർത്തിയാക്കിയത്. വെബ്സ്റ്ററിനു പുറമേ ഓസീസി നിരയിൽ രണ്ടക്കത്തിലെത്തിയത് നാലു പേരാണ്- സ്റ്റീവ് സ്മിത്ത് 33 (57 പന്തിൽ 4 ഫോറും ഒരു സിക്സും), അലക്സ് ക്യാരി 21 (36 പന്തിൽ 4 ഫോർ), സാം കോൺസ്റ്റാസ് 23 (38 പന്തിൽ 3 ഫോർ), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 10 (20 പന്തിൽ ഒരു ഫോർ).

ഓപ്പണർ ഉസ്മാൻ ഖവാജ (10 പന്തിൽ 2), മാർനസ് ലബുഷെയ്ൻ (8 പന്തിൽ 2), ട്രാവിസ് ഹെഡ് (3 പന്തിൽ 4), മിച്ചൽ സ്റ്റാർക്ക് (4 പന്തിൽ 1) എന്നിവർ നിരാശപ്പെടുത്തി. സ്കോട്ട് ബോളണ്ട് 9 പന്തിൽ 9 റൺസെടുത്ത് പുറത്തായി. നേഥൻ ലയോൺ 17 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 15 ഓവറിൽ 42 റൺസ് വഴങ്ങിയും മുഹമ്മദ് സിറാജ് 16 ഓവറിൽ 51 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ബുംറ 10 ഓവറിൽ 33 റൺസ് വഴങ്ങിയും നിതീഷ് റെഡ്ഡി ഏഴ് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഒരു ഘട്ടത്തിൽ നാലിന് 39 റൺസെന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഓസീസിന്, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സ്റ്റീവ് സ്മിത്ത് – വെബ്സ്റ്റർ സഖ്യമാണ് പ്രാണവായു പകർന്നത്. ഇരുവരും കൂട്ടിച്ചേർത്തത് 56 റൺസ്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടെസ്റ്റിൽ 10,000 റൺസ് പൂർത്തിയാക്കാൻ അഞ്ച് റൺസ് വേണ്ടപ്പോഴാണ് സ്മിത്ത് പുറത്തായത്.

മത്സരത്തിന്റെ ആദ്യ ദിനത്തിന്റെ അവസാനം ബുംറയുമായി കൊമ്പുകോർത്ത ഓസീസിന്റെ യുവതാരം സാം കോൺസ്റ്റാസിന്റെ വിക്കറ്റ് നേട്ടം ഇന്ത്യൻ താരങ്ങൾ പതിവിലും ആഘോഷമാക്കിയതാണ് രണ്ടാം ദിനത്തിൽ കണ്ടത്. മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്സ്വാളിന് ക്യാച്ച് സമ്മാനിച്ചാണ് കോൺസ്റ്റാസ് പുറത്തായത്.

മാർനസ് ലബുഷെയ്ൻ ജസ്പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകുന്ന കാഴ്ചയോടെയാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. ട്രാവിസ് ഹെഡ് നാലു റൺസുമായി മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Ind vs Aus 5th Test: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ 4 റൺസ് ലീഡ്