Happy Birthday Yuvraj Singh | ലോക ക്രിക്കറ്റിലെ പോരാളിയായ യുവരാജ് സിംഗിന്റെ കരിയറിലെ നിർണായക നിമിഷങ്ങളെക്കുറിച്ചറിയാംHappy Birthday Yuvraj Singh Career Defining Moments Of world cup winner
Last Updated:
2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്ക് വഹിച്ച യുവി ക്യാൻസറിനോട് പൊരുതി കളിക്കളത്തിലേക്ക് തിരിച്ചെത്തി ജീവിതത്തിലും ക്രിക്കറ്റിലും യഥാർത്ഥ പോരാളിയായി മാറി
ഇന്ത്യൻ ക്രിക്കറ്റിന് ഒരിക്കലും മറക്കാനാകാത്ത പേരാണ് യുവരാജ് സിംഗിന്റേത്. കളിക്കളത്തിൽ ഒരു പോരാളിയുടെ വീര്യത്തോടെ ബാറ്റ് കൊണ്ടും പന്തുകൊണ്ടും എതിരാളികൾക്കെന്നും ഭീഷണിയുയർത്തിയിയിരുന്ന യുവരാജ് ഫീൾഡിംഗിലെ തന്റെ മിന്നും വേഗം കൊണ്ടും ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്ക് വഹിച്ച യുവി കാൻസറിനോട് പൊരുതി കളിക്കളത്തിലേക്ക് തിരിച്ചെത്തി ജീവിതത്തിലും ക്രിക്കറ്റിലും യഥാർത്ഥ പോരാളിയായി മാറി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ് ആരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകർക്കിയിൽ ഒറ്റ ഉത്തരം മാത്രമേയുള്ളു.
ഇന്ന് (ഡിസംബർ 12) തന്റെ 43-ാം ജന്മദിനം ആഘോഷിക്കുകയാണ് യുവരാജ് സിംഗ്. 1981 ഡിസംബർ 12ന് കായിക പാരമ്പര്യമുള്ള ഒരു പഞ്ചാബി കുടുംബത്തിലാണ് യുവരാജ് ജനിച്ചത്.ഇത് യുവരാജിന്റെ കായിക ജീവിതത്തെ പരുവപ്പെടുത്തിയെടുക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.മാരക പ്രഹര ശേഷിയോടെ നേരിടുന്ന പന്തുകളെ ബൗണ്ടറി കടത്തുന്ന യുവരാജിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയും ഓൾറൌണ്ട് മികവും പരിമിത ഓവർ ക്രിക്കറ്റിലെ ലോകത്തിലെ എറ്റവും മികച്ച താരങ്ങളിലൊരാളാക്കി യുവിയെ മാറ്റി. ഏത് പ്രതിസന്ധി ഘട്ടത്തിലും ടീമിന് ആശ്രയിക്കാവുന്ന വിശ്വസ്ഥനായ കളിക്കാരനായിരുന്നു യുവി.2011ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ഉൾപ്പെടെയുള്ള ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടം കയ്യൻ ബാറ്റ്സ്മാന്റെ കരിയറിലെ നിർണായക നിമിഷങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന ഒരു മത്സരമാണ് യുവരാജിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം.2000ൽ നടന്ന ഐസിസി ചാമ്പ്യൻ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു യുവരാജിന്റെ അരങ്ങേറ്റം. മത്സരത്തിൽ 80 പന്തിൽ നിന്ന് 84 റൺസ് സ്കോർ ചെയ്ത് യുവരാജ് സിംഗ് ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്ക് വഹിച്ചു. 20 റൺസിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്.
2. 2002ൽ ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാറ്റ് വെസ്റ്റ് സീരീസിന്റെ ഫൈനൽ മത്സരമാണ് യുവരാജിന്റെ കരിയറിലെ നിർണായകമായ മറ്റൊരു മത്സരം. ഇംഗ്ലണ്ട് ഉയർത്തിയ 325 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി യുവരാജ് സിംഗ് 63 പന്തിൽ നിന്ന് 69 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ മുന്നിൽനിന്ന് നയിച്ചു.
3. ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാവാത്ത യുവരാജിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്ത മത്സരമായിരുന്നു 2007ലെ പ്രഥമ ടി20 വേൾഡ് കപ്പ് ടൂർണമെന്റ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ കന്നി കിരീടം സ്വന്തമാക്കിയപ്പോൾ ടൂർണമെന്റിന്റെ താരമായത് യുവരാജ് സിംഗായിരുന്നു. ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡെറിഞ്ഞ ഒരോവറിൽ ആറ് സിക്സ് പറത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്വർണ ലിപികളിലെഴുതിയ നിമിഷങ്ങളായി.
4. 2011ലെ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ താരവും യുവരാജ് സിംഗ് തന്നെയായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാമത് ലോകകപ്പ് ഉയർത്തുമ്പോൾ നിർണായകമായത് ടൂർമെന്റിലെ യുവരാജിന്റെ പ്രകടനമായിരുന്നു. ആകെ മത്സരങ്ങളിൽ നിന്നും 362 റൺസും 15 വിക്കറ്റുകളും നേടി 2011 ലെ ലോകകപ്പ് ടൂർണമെന്റിന്റെ താരവും യുവരാജായി. 15 വിക്കറ്റുകളിൽ ആറും നോക്കൌട്ട് ഘട്ടത്തിലാണ് യുവരാജ് നേടിയതെന്നും ശ്രദ്ധേയമാണ്.
5. കരിയറിന്റെ ഉന്നതിയിയിലായിരിക്കുമ്പോഴാണ് യുവിക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. 2011ൽ ക്യാൻസർ സ്ഥിരീകരിച്ചതിനു ശേഷം യുവി കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇത് യുവിയുടെ കരിയറിനെയും ബാധിച്ചു എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് തിരിച്ചുവരുന്ന യുവരാജിനെയാണ് ക്രിക്കറ്റ് ലോകം പിന്നീട് കണ്ടത്. തൻറെ കരിയറിലെ ഏറ്റവും ഉയർന്ന വ്യകതിഗത സ്കോറായ 150 റൺസ് 2017ൽ ഇംഗ്ലണ്ടിനെതിരെ ഘട്ടക്കിൽ യുവി നേടിയത് ക്യാൻസറിനെ തോൽപ്പിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നതിനു ശേഷമായിരുന്നു.
35 മില്യൺ ഡോളർ ( 296.34 കോടി രൂപ) ആസ്തിയുള്ള യുവരാജ് സിംഗ് ഏറ്റവും സമ്പന്നനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്.ആഡംബര കാറുകളുടെ വൻ ശേഖരവും യുവരാജ് സിങ്ങിന് സ്വന്തമായുണ്ട്.
New Delhi,Delhi
December 12, 2024 3:09 PM IST
Happy Birthday Yuvraj Singh | ലോക ക്രിക്കറ്റിലെ പോരാളിയായ യുവരാജ് സിംഗിന്റെ കരിയറിലെ നിർണായക നിമിഷങ്ങളെക്കുറിച്ചറിയാം