കരുണ്‍ നായര്‍ അവസാന ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കും; പ്രവചനവുമായി മുൻ സെലക്ടർ|Karun Nair will play in the last Test matches Former selector predicts
Last Updated:
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസാന മത്സരങ്ങളിലും കരുണ്‍ നായര്‍ കളിക്കുമെന്നാണ് ജതിന്‍ പരഞ്ജപെ വിശ്വസിക്കുന്നത്
ടെന്‍ഡുക്കല്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ കളിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായ ജതിന്‍ പരഞ്ജപെ. കരുൺ നായർ ടീമിൽ നിന്ന് പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പരഞ്ജപെയുടെ പ്രവചനം. മൂന്ന് മത്സരങ്ങളിലായി ആറ് ഇന്നിങ്‌സ് കഴിയുമ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചിട്ടില്ല. ഒരു അര്‍ദ്ധസെഞ്ച്വറി പോലും തികയ്ക്കാതെ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്ത നിലയിലാണ് കരുണ്‍ നായര്‍.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസാന മത്സരങ്ങളിലും കരുണ്‍ നായര്‍ കളിക്കുമെന്നാണ് ജതിന്‍ പരഞ്ജപെ വിശ്വസിക്കുന്നത്. എട്ട് വര്‍ഷത്തിനുശേഷമാണ് ദേശീയ ടീമിലേക്ക് കരുണ്‍ നായര്‍ തിരിച്ചെത്തിയത്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നന്നായി ബാറ്റ് ചെയ്തിട്ടും അദ്ദേഹത്തിന് സ്ഥിരത കണ്ടെത്താനായില്ല. പരമ്പരയില്‍ നല്ല തുടക്കം ലഭിച്ചെങ്കിലും ഇത് മുതലാക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.
വലിയ സ്‌കോറുകള്‍ ഇല്ലാതിരുന്നിട്ടും മൂന്നാം സ്ഥാനത്ത് കരുണ്‍ നായരെ പിന്തുണയ്ക്കുന്നത് തുടരണമെന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് പരഞ്ജപെ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആറാം സ്ഥാനത്താണ് നായര്‍ ബാറ്റ് ചെയ്തത്. രണ്ടും മൂന്നും ടെസ്റ്റുകളില്‍ അദ്ദേഹത്തിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഇതൊന്നും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല.
ഇന്ത്യയ്ക്ക് കരുണില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 131 റണ്‍സ് ആണ് അക്കൗണ്ടിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 40. എങ്കിലും അവസാന മത്സരങ്ങളില്‍ നായര്‍ കളിക്കുമെന്നാണ് തോന്നുന്നതെന്ന് പരഞ്ജപെ പറയുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യ തിരിച്ചുവരുമെന്നും പരമ്പര സമനിലയിലാകുമെന്നും അദ്ദേഹം പ്രവചിച്ചു.
എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. പരമ്പര 1-1-ന് സമനിലയിലായിരുന്നു. എന്നാല്‍, ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 2-1-ന് ഇന്ത്യ പിന്നിലാണ്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സിനാണ് കരുണ്‍ നായര്‍ പുറത്തായത്. അവസാന രണ്ട് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. നാലാം ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.
എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീമിനെ എഴുതിത്തള്ളുന്നത് ഉചിതമല്ലെന്നാണ് പരഞ്ജപെ പറയുന്നത്. വിരാട് കോഹ്‍ലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള ശക്തരായ കളിക്കാരില്‍ നിന്ന് ടീം ഇതിനകം മാറിയിട്ടുണ്ടെന്നും മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ ടീമിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും പരഞ്ജപെ പിടിഐയോട് പറഞ്ഞു.
3-0-ന് മുന്നിലെത്താന്‍ കഴിയാത്തത് ടീമിന്റെ നിര്‍ഭാഗ്യമല്ലെന്നും ലോര്‍ഡ്‌സിലെ തോല്‍വിയെ പരമാര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഋഷഭ് പന്തിന്റെ റണ്‍ ഔട്ട് ഏറ്റവും മോശം സമയത്താണ് സംഭവിച്ചതെന്നും അദ്ദേഹവും രാഹുലും കൂടി 60-70 റണ്‍സ് നേടിയിരുന്നെങ്കില്‍ കളി ഇന്ത്യയുടെ വഴിക്കാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധീരരും നിര്‍ഭയരുമായ ഒരു കൂട്ടം എന്നാണ് പരമ്പരയിലെ നിലവിലെ ഇന്ത്യൻ ടീമിനെ പരഞ്ജപെ വിശേഷിപ്പിച്ചത്. ഈ ടീമിനെ എഴുതിത്തള്ളരുതെന്നും അടുത്ത ടെസ്റ്റ് ആകര്‍ഷകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. ബുംറ മൂന്ന് ടെസ്റ്റുകളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബുംറ തിരിച്ചെത്തുമെന്ന് പരഞ്ജപെ ഉറപ്പിച്ചുപറയുന്നു. അടുത്ത രണ്ട് ടെസ്റ്റുകളിലും അദ്ദേഹം കളിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും പരഞ്ജപെ കൂട്ടിച്ചേര്‍ത്തു.
New Delhi,Delhi
July 19, 2025 3:05 PM IST