അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ സ്കലോണിയെ കാണാൻ മാത്രം കേരളത്തിൽ നിന്ന് ദുബായിലെത്തിയ ആരാധകൻ A fan from Kerala came to Dubai only to see Scaloni the coach who won the World Cup for Argentina
Last Updated:
ചൊവ്വാഴ്ച ദുബായിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലാണ് ഇരുവരു കണ്ടുമുട്ടിയത്
അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണിയെ കാണാൻ മാത്രം കേരളത്തിൽ നിന്ന് ദുബായിലെത്തി ആരാധകൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ യാദിൽ എം ഇക്ബാലാണ് തന്റെ പ്രിയപ്പെട്ട ടീമിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനെ നേരിൽ കാണാൻ വേണ്ടി മാത്രം ദുബായിലേക്ക് വിമാനം കേറിയത്. ചൊവ്വാഴ്ച ദുബായിലെ ഒരു ഹോട്ടലിൽ നടന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയും ലുലു എക്സ്ചേഞ്ചിന്റെയും പങ്കാളിത്ത-ഒപ്പിടൽ പരിപാടിയിലാണ് ഇരുവരു കണ്ടുമുട്ടിയത്. ആനന്ദാശ്രുക്കളോടെ യാദിൽ സ്കലോണിക്ക് ഹസ്തദാനം നൽകി. ആദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അർജന്റീനയുടെ ജഴ്സി ഒപ്പിട്ട് വാങ്ങി. “ഞങ്ങളെ സന്തോഷം കൊണ്ട് കരയിപ്പിച്ച മനുഷ്യനോടൊപ്പം” എന്നാണ് സ്കലോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് യാദിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘അർജന്റീനയ്ക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകനാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തെ കാണുന്നത് എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരമാണ്’ യാദിൽ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അർജന്റീന ടീമിനോടുള്ള ആരാധന ഇതിന് മുൻപ് യാദിലിനെ കൊണ്ടെത്തിച്ചത് ഖത്തറിലായിരുന്നു. 2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സരങ്ങൾ നേരിട്ട് കാണാൻ. അന്ന് ആദ്യമായിട്ടായിരുന്നു യാദിൽ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്തത്. 2022 ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സരം കാണാൻ താൻ വർഷങ്ങളായി പണം സ്വരൂപിച്ചിരുന്നെന്നും ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഈ 29കാരൻ പറയുന്നു. അർജന്റീനയുടെ ഏഴ് മത്സരങ്ങളും യാദിൽ കണ്ടു. ‘സൗദി അറേബ്യയോട് തോറ്റത് ഹൃദയഭേദകമായിരുന്നു. ടീമിന് മേൽ വളരെയധികം സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ ടീം തിരിച്ചടിച്ച് ഫൈനലിലെത്തി’, യാദിൽ ഓർത്തെടുത്തു.
ഭീമാകാരമായ ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിനെതിരായ ആവേശകരമായ ഫൈനൽ മത്സരം കണ്ടതായിരുന്നു യാദിലിന്റെ അവിസ്മരണീയമായ അനുഭവം. എല്ലാ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അർജന്റീന ലോകകപ്പ് ജേതാക്കളായത് നേരിട്ട് കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്നും അദ്ദേഹം ഓർമിച്ചു. അർജന്റീന ഖത്തറിൽ ലോകകപ്പ് നേടിയാൽ ‘ഉംറ’യ്ക്ക് പോകുമെന്ന നേർച്ചയും യാദിൽ യാഥാർത്ഥ്യമാക്കി. അർജന്റീനയുടെ വിജയത്തിന് ശേഷം അദ്ദേഹം ഉംറയ്ക്കായി സൌദിയിലേക്ക് പോയി.
ഇതിഹാസ താരം മെസിയെ കാണമെന്ന അതിയായ ആഗ്രഹമുണ്ട് യാദിലിന്. താരത്തോടുള്ള ആരാധന കൊണ്ട് സ്വന്തം മകന് യാദിൽ മെസിയുടെ പേര് നൽകി. തന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ട് മെസിയുടെ ബോഡിഗാർഡ്സ് തനിക്ക് രണ്ട് മെസ്സി ഷർട്ടുകൾ അയച്ചുകൊടുത്തിരുന്നെന്നും യാദിൽ പറഞ്ഞു. യാദിലിന് ഇൻസ്റ്റാഗ്രാമിൽ 1.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, കഴിഞ്ഞ മാസം അർജന്റീനിയൻ ഇതിഹാസത്തിന്റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ഒരു ആരാധക പേജുമായി സഹകരിച്ച് അദ്ദേഹം ചെയ്ത ഒരു പോസ്റ്റിൽ മെസ്സി കമന്റ് ചെയ്തിരുന്നു. “‘മുച്ചാസ് ഗ്രേഷ്യസ്‘ (വളരെ നന്ദി)” എന്നാണ് മെസി കമന്റ് ചെയ്തത്. 450,000-ത്തിലധികം ലൈക്കുകൾ ആണ് കമന്റിന് ലഭിച്ചത്.
New Delhi,Delhi
July 23, 2025 4:25 PM IST
അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ സ്കലോണിയെ കാണാൻ മാത്രം കേരളത്തിൽ നിന്ന് ദുബായിലെത്തിയ ആരാധകൻ