ഖാലിദ് ജാമിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ; ദേശീയ ടീമിന് ഇന്ത്യൻ പരിശീലകൻ 13 വർഷത്തിന് ശേഷം Khalid Jamil is the new head coach of the Indian football team the national team has an Indian coach after 13 years | Sports
Last Updated:
മുൻ പരിശീലകൻ മനോളോ മാർക്വേസിന്റെ രാജിയെത്തുടർന്നുള്ള ഒഴിവിലേക്കാണ് ഖാലിദ് ജാമിലിന്റെ നിയമനം
ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജാമിനെ നിയമിച്ച് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ. മനോളോ മാർക്വേസിന്റെ രാജിയെത്തുടർന്നുള്ള ഒഴിവിലേക്കാണ് ഖാലിദ് ജാമിലിന്റെ നിയമനം. ടെക്‌നിക്കൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ, എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് 48 കാരനായ ഖാലിദ് ജാമിലിനെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാക്കാൻ തീരുമാനിച്ചത്. 2017-ൽ ഐസ്വാൾ ഫുട്ബോൾ ക്ലബ്ബിനെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച ജാമിൽ, 13 വർഷത്തിനിടെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2011 മുതൽ 2012 വരെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച സാവിയോ മെദീരയായിരുന്നു ജാമിലിന് മുമ്പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഇന്ത്യക്കാരൻ.
ഇന്ത്യൻ ഇതിഹാസം ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള എ.ഐ.എഫ്.എഫിന്റെ സാങ്കേതിക സമിതി, ജാമിലിന് പുറമേ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരുൾപ്പെടെ മൂന്ന് പരിശീലകരുടെ പേരുകൾ പരിശീലകന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ മാനേജരായി മുമ്പ് സേവനമനുഷ്ഠിച്ച കോൺസ്റ്റന്റൈനെയും മുൻ സ്ലോവാക്യൻ പരിശീലകൻ തർക്കോവിച്ചിനെയും പിന്തള്ളിയാണ് ജാമിൽ പുതിയ പരിശീലന സ്ഥാനത്തേക്കെത്തിയത്.
താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും നടക്കാനിരിക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ നേഷൻസ് കപ്പിലേക്ക് ഇന്ത്യൻ ടീമിനെ സജ്ജമാക്കുക എന്നതാണ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ജാമിലിന്റെ ആദ്യ ദൗത്യം. ഓഗസ്റ്റ് 29 ന് ദുഷാൻബെയിൽ ഇന്ത്യ താജിക്കിസ്ഥാനെ നേരിടുന്നതോടെ ടൂർണമെന്റ് ആരംഭിക്കും. തുടർന്ന് സെപ്റ്റംബർ 1 ന് ഇറാനെയും സെപ്റ്റംബർ 4 ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും.
New Delhi,Delhi
August 01, 2025 2:12 PM IST