Leading News Portal in Kerala

ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു Indian batsman Cheteshwar Pujara retires from international cricket | Sports


Last Updated:

2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു പുജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്

News18News18
News18

ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഞായറാഴ്ച അദ്ദേഹം അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വൈകാരികമായ ഒരു പോസ്റ്റിലൂടെയായിരുന്നു 37 കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

“ഇന്ത്യൻ ജേഴ്‌സി ധരിച്ചും, ദേശീയഗാനം ആലപിച്ചും, ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ടീമിനുവേണ്ടി പരമാവധി നൽകാൻ ശ്രമിച്ചു – അതിന്റെ യഥാർത്ഥ അർത്ഥം വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്. പക്ഷേ, അവർ പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം, അതിയായ നന്ദിയോടെ ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു,” പൂജാര സമൂഹമാധ്യമത്തൽ കുറിച്ചു .എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും പൂജാര കൂട്ടിച്ചേർത്തു.

103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 അർധസെഞ്ച്വറികളും 19 സെഞ്ച്വറികളുമടക്കം 7195 റൺസാണ് പുജാരയുടെ സമ്പാദ്യം. 2012 ൽ അഹമ്മദാഹാദിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.206 റൺസായിരുന്നു മത്സരത്തിൽ അദ്ദേഹം നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടില്ല.2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലായിരുന്നു പുജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

മൂർച്ചയേറിയ ബോളിങ് സ്പെല്ലുകളെ തന്റെ ഏകാഗ്രതയും ക്ലാസിക്കൽ ടെക്നിക്കുകൾ കൊണ്ടും പ്രതിരോധിച്ചിക്കുന്നതിൽ വിദഗ്ധനായിരുന്നു പുജാര. ടീമിന്റെ പല സമ്മർദ ഘട്ടങ്ങളിലും ഇന്നിംഗ്സിനെ സ്ഥിരതയുള്ളതാക്കുന്നതിന്റെ ഭാരം പലപ്പോഴും അദ്ദേഹം തന്റെ ചുമലുകളിൽ വഹിച്ചു.പലരും രാഹുൽദ്രാവിഡിനോട് പുജാരയെ ഉപമിച്ചിരുന്നുവെങ്കിലും, വിദേശ പിച്ചുകളിൽ കളി തിരിക്കാൽ കഴയുന്ന ഇന്നിംഗ്സുകൾ കളിക്കാനുള്ള കഴിവ് അദ്ദേഹത്തെ വെത്യസ്ഥനാക്കി.

ഓസ്ട്രേലിയയിൽ ഇന്ത്യയുടെ തുടർച്ചയായ ബോർഡർ-ഗവാസ്കർ ട്രോഫി വിജയങ്ങളിൽ നിർണായകമായ സ്ഥാനം പുജാരയുടെ ഇന്നിംഗ്സുകൾക്കുണ്ടായിരുന്നു.പുജാരയുടെ വിരമിക്കലോടെ ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് പടിയിറങ്ങുന്നത്.

ഏകദിനങ്ങളിലും മുഖം കാണിച്ചിരുന്നു എങ്കിലും അന്താരാഷ്ട്ര കരിയർ ടെസ്റ്റുകളിലേതുപോലെ വളർന്നില്ല. അമ്പത് ഓവർ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 5 മത്സരങ്ങൾ പുജാര കളിച്ചിട്ടുണ്ട്. 51  റൺസാണ് ഏകദിനങ്ങളിൽ നിന്ന് ആകെ നേടിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 30 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയുൾപ്പെടെ 390 റൺസും അദ്ദേഹം നേടി.