Rashid Khan | ടി20യിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി അഫ്ഗാൻ താരം റാഷിദ് ഖാൻ Afghan player Rashid Khan leads in wicket-taking in T20 cricket | Sports
Last Updated:
മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തിയുടെ റെക്കോർഡാണ് റാഷിദ് ഖാൻ തകർത്തത്
അന്താരാഷ്ട്ര ടി20യിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി അഫ്ഗാനിസ്ഥാന്റെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ. മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തിയുടെ റെക്കോർഡാണ് റാഷിദ് ഖാൻ തകർത്തത്. നിലവിൽ അഫ്ഗാനിസ്ഥാന്റെ ടി20 ടീം ക്യാപ്റ്റനാണ് 26കാരനായ റാഷിദ് ഖാൻ.
2008 മുതൽ 2024 വരെ ന്യൂസിലൻഡിനായി 126 ടി20 മത്സരങ്ങൾ കളിച്ച ടിം സൗത്തി 164 വിക്കറ്റുകളാണ് നേടിയത്. അതേസമയം 98 മത്സരങ്ങളിൽ നിന്നാണ് റാഷിദ് ഖാൻ 165 വിക്കറ്റുകൾ നേടിയത്.തിങ്കളാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിൽ 21 റൺസിന് മൂന്ന് യുഎഇ ബാറ്റ്സ്മാൻമാരെ പുറത്താക്കിയതോടെയാണ് കുട്ടി ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ സൌത്തിയെ മറികടന്ന് റാഷിദ്ഖാൻ മുന്നിലെത്തിയത്.
ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ

2015 ഒക്ടോബർ 26ന് ബുലവായോയിൽ സിംബാബ്വെയ്ക്കെതിരെയായിരുന്നു റാഷിദ് ഖാന്റെ അരങ്ങേറ്റം. അന്താരാഷ്ട്ര തലത്തിൽ ടി20യിൽ അഫ്ഗാനിസ്ഥാനു വേണ്ടി 97 മത്സരങ്ങളും ഐസിസി വേൾഡ് ഇലവനു വേണ്ടി ഒരു മത്സരവും റാഷിദ് കളിച്ചിട്ടുണ്ട്.
ഇതുവരെ 18 ടീമുകൾക്കെതിരെ ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള റാഷിദ്, അയർലൻഡിനെതിരെയാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത് അയർലൻഡിനെതിരെ 21 ടി20 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകൾ നേടി. അഫ്ഗാനിസ്ഥാനു വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് നബിയും പേസർ നവീൻ ഉൾ ഹഖും റാഷിദിന് തൊട്ടുപിന്നിലുണ്ട്.
ടി20യിൽ റാഷിദ് ഖാന്റെ റെക്കോർഡ് (ടീം തിരിച്ച്)

ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതിന്റെ റെക്കോർഡും റാഷിദിന്റെ പേരിലാണ്. ഇതുവരെ 19 ടീമുകൾക്കായി കളിച്ചിട്ടുള്ള അദ്ദേഹം 489 മത്സരങ്ങളിൽ നിന്ന് 664 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ ഡ്വെയ്ൻ ബ്രാവോ (582 മത്സരങ്ങളിൽ നിന്ന് 631 വിക്കറ്റുകൾ), സുനിൽ നരൈൻ (561 മത്സരങ്ങളിൽ നിന്ന് 591 വിക്കറ്റുകൾ) എന്നിവരാണ് റാഷിദിന് തൊട്ടുപിന്നിൽ.
New Delhi,Delhi
September 02, 2025 10:17 PM IST
