മിന്നൽ സോളോ ഗോളുമായി മിക്കി ഫാൻ ഡേ ഫെൻ; മെസ്സിയുമായി താരതമ്യം ചെയ്ത് ഫുട്ബോൾ ലോകം| Micky van de Vens Stunning Goal Sparks Comparisons with Messis Best | Sports
Last Updated:
സ്വന്തം ഗോൾ ഏരിയയിൽ നിന്ന് പന്തുമായി കുതിച്ച് എതിരാളികളുടെ വലയിലെത്തിച്ച ഈ തകർപ്പൻ ഗോൾ ടോട്ടനം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു
ടോട്ടനത്തിന്റെ നെതർലൻഡ്‌സ് താരം മിക്കി ഫാൻ ഡേ ഫെൻ യുവേഫ ചാമ്പ്യൻസ് ലീഗിൽ കോപ്പൻഹേഗനെതിരായ മത്സരത്തിൽ നേടിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അത്ഭുത ഗോൾ. സ്വന്തം ഗോൾ ഏരിയയിൽ നിന്ന് പന്തുമായി കുതിച്ച് എതിരാളികളുടെ വലയിലെത്തിച്ച ഈ തകർപ്പൻ ഗോൾ ടോട്ടനം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.
സൂപ്പർ ഗോളിന് തുടക്കം കുറിച്ചത് ഫാൻ ഡേ ഫെൻ സ്വന്തം പെനാൽറ്റി ബോക്‌സിൽ നിന്നാണ്. അവിടെ വെച്ച് തട്ടിയെടുത്ത് പന്തുമായി കുതിച്ച ഈ ഡച്ച് പ്രതിരോധ താരം എതിരാളികളുടെ ഗോൾമുഖത്തേക്ക് ഒറ്റയ്ക്ക് മുന്നേറി ഗോളടിക്കുകയായിരുന്നു. സ്വന്തം ഏരിയയിൽ നിന്നും പുറത്തുവന്ന താരം മൂന്ന് കളിക്കാരെ മറികടന്ന് മധ്യരേഖക്കടുത്തെത്തി. അവിടെ വച്ച് മറ്റ് രണ്ട് കളിക്കാരെ പിന്നിലാക്കി മുന്നോട്ട് കുതിച്ചു. അവസാനം, കോപ്പൻഹേഗൻ പ്രതിരോധത്തെ മറികടന്ന് ഗോൾ ഏരിയയിലേക്ക്.
പ്രതീക്ഷയോടെ ആരാധകർ എഴുന്നേറ്റുനിന്ന ആ നിമിഷം, ഗോൾകീപ്പർ ഡൊമിനിക് കൊട്ടാർസ്കിയെ മറികടന്ന് ഫാൻ ഡേ ഫെൻ പന്ത് വലയിലെത്തിച്ചു. ടോട്ടനം 4-0 ന് വിജയിച്ച ഈ മത്സരത്തിൽ, 2-0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു ഒരു പ്രതിരോധ താരത്തിന്റെ ഈ അവിസ്മരണീയ മുന്നേറ്റം. ഈ ഗോൾ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായി അടയാളപ്പെടുത്താൻ സാധ്യതയുണ്ട്.
ഗോളിന്റെ അസാധാരണത്വം കാരണം, എതിർ ടീമായ ഡാനിഷ് ക്ലബ്ബ് കോപ്പൻഹേഗന്റെ പരിശീലകൻ തോമസ് ഫ്രാങ്ക് പോലും പ്രതികരിച്ചത് ഇങ്ങനെയാണ്- “സ്വന്തം ഗോൾ മുഖത്ത് നിന്ന് മറുവശത്ത് ഓടി ഗോൾ നേടുന്ന ലിയോണൽ മെസ്സിയായി മിക്കി ഫാൻ ഡേ ഫെൻ മാറിയതായി തോന്നി.”
നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും രണ്ട് സമനിലകളുമായി ചാമ്പ്യൻസ് ലീഗ് സീസണിലെ അപരാജിത തുടർച്ച നിലനിർത്താൻ ടോട്ടൻഹാമിന് ഈ 4-0 വിജയം സഹായകമായി.
2023 ഓഗസ്റ്റിൽ വോൾഫ്‌സ്ബർഗിൽ നിന്ന് 34 മില്യൺ പൗണ്ടിന് ടോട്ടൻഹാമിൽ എത്തിയ 24 വയസ്സുകാരനായ ഫാൻ ഡേ ഫെൻ, പ്രതിരോധത്തിനൊപ്പം ഗോളുകൾ നേടുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരായ യുവേഫാ സൂപ്പർ കപ്പിലും, വെസ്റ്റ് ഹാമിനെതിരായ 3-0 വിജയത്തിലും, ബോഡോ ഗ്ലിംറ്റുമായിട്ടുള്ള 2-2 ചാമ്പ്യൻസ് ലീഗ് സമനിലയിലും, കഴിഞ്ഞ മാസം എവർട്ടണെതിരായ 3-0 വിജയത്തിലും താരം ഗോളുകൾ നേടിയിരുന്നു.
New Delhi,New Delhi,Delhi
November 06, 2025 12:26 PM IST
