IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം ! Amidst rumors Ravindra Jadeja leave Chennai super kings the player deactivates his Instagram account | Sports
Last Updated:
2012 മുതൽ രവീന്ദ്ര ജഡേജ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമാണ്
പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) വിടുമെന്ന റിപ്പോർട്ടുകൾക്കിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് ഓൾറൌണ്ടർ രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസ് (ആർആർ) അവരുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ആയ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്കെ) കൈമാറിയിട്ട് പകരം ഓൾറൗണ്ടർമാരായ ജഡേജയെയും സാം കറനെയും രാജസ്ഥാൻ ടീമിലേക്ക് കൊണ്ടുവരുമെന്നുമാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
2012 മുതൽ രവീന്ദ്ര ജഡേജ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ചെന്നൈയുടെ അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിൽ മൂന്നെണ്ണത്തിനും ജഡേജയുടെ സംഭാവന പ്രധാനപ്പെട്ടതായിരുന്നു. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിനൊപ്പം സിഎസ്കെയുടെ രണ്ടാമത്തെ ചോയ്സ് കളിക്കാരനായി 2025 ലെ മെഗാ ലേലത്തിന് മുമ്പ് 18 കോടിരൂപയ്ക്ക് ജഡേജയെ നിലനിർത്തുകയായിരുന്നു.
254 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ജഡേജ, ടൂർണമെന്റ് ചരിത്രത്തൽതന്നെ ഏറ്റവു കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അഞ്ചാമത്തെ താരമാണ് . കൂടാതെ സിഎസ്കെയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനുമാണ്. 5/16 എന്ന മികച്ച പ്രകടനം ഉൾപ്പെടെ 143 വിക്കറ്റുകൾ ജഡേജ നേടിയിട്ടുണ്ട്.
2023 ലെ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിലെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്കെയെ കിരീട നേട്ടത്തിലെത്തിച്ചു. 20 വിക്കറ്റുകൾ വീഴ്ത്തി ബൌളിംഗിലും മികച്ച പ്രകടനം ജഡേജ കാഴ്ചവച്ചിരുന്നു.
അതേസമയം ജഡേജ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത് രാജസ്ഥാൻ റോയസിലൂടെയാണ്. 2008 ൽ 19 വയസ്സുള്ളപ്പോഴായിരുന്നു ജഡേജയുടെ ഐപിഎൽ അരങ്ങേറ്റം. ആ വർഷം രാജസ്ഥാൻ കിരീടം നേടിയിരുന്നു.ആദ്യ രണ്ട് സീസണുകളിൽ ആർആറിനു വേണ്ടിയാണ് ജഡേജ കളിച്ചത്. എന്നാൽ 2010 ൽ മുംബൈ ഇന്ത്യൻസുമായി നേരിട്ട് കരാർ ചർച്ച ചെയ്യാൻ ശ്രമിച്ചതിന് ഐപിഎൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. വിലക്കിന് ശേഷം, 2011 ൽ കൊച്ചി ടസ്കേഴ്സിനായും ജഡേജ കളിച്ചിട്ടുണ്ട്.
New Delhi,Delhi
November 10, 2025 5:46 PM IST
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
