റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാൻ കാന്താരയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് രംഗത്തെന്ന് റിപ്പോർട്ട്|Kantara’s producers Hombale Films reportedly in talks to buy Royal Challengers Bangalore | Sports
Last Updated:
2026 മാർച്ച് 31നകം പ്രക്രിയ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്
പ്രമുഖ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ കന്നി ഐപിഎൽ കിരീടം സ്വന്തമാക്കിയത് ഈ വർഷമാണ്. എന്നാൽ ആർസിബിയെ വിൽക്കുകയാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവരുടെ നിലവിലെ ഉടമകളായ ഡിയാഗോ അറിയിച്ചിരുന്നു.
ഇപ്പോഴിതാ കാന്താരയുടെയും കെജിഎഫിന്റെയും നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ടീമിനെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആർസിബിയുടെ പുരുഷ-വനിതാ ടീമുകളെ കൈവശം വെച്ചിരിക്കുന്ന ഡിയാഗോയുടെ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിക്ഷേപത്തെക്കുറിച്ച് തന്ത്രപരമായ വിശകലനം നടത്താൻ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) തീരുമാനിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആർസിബിയെ വിൽക്കുകയോ അല്ലെങ്കിൽ പുനഃസംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഉടമസ്ഥതയിൽ മറ്റ് മാറ്റങ്ങളോ വരുത്തിയേക്കുമെന്ന് യുഎസ്എൽ നവംബർ അഞ്ചിലെ എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയിരുന്നു. 2026 മാർച്ച് 31നകം പ്രക്രിയ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.
ഹോംബാലെ ഫിലിംസ് ആർസിബിയെ വാങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ”ഹോംബാലെ * ആർസിബി” പോസ്റ്ററുകളാണ് അത്. ഒരു തദ്ദേശ സ്റ്റുഡിയോയ്ക്ക് ആർസിബി പോലെയൊരു ടീമിനെ വാങ്ങാൻ കഴിയുമോ എന്ന സംസാരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടാമത്തെ കാരണം, ഒരു യഥാർത്ഥ വാണിജ്യ ബന്ധമാണ്. 2023 മുതൽ ഹോംബാലെ, ആർസിബിയുടെ ഔദ്യോഗിക ഡിജിറ്റൽ ഉള്ളടക്കത്തിലെ പങ്കാളിയാണ്. ഇവ ചേർത്ത് വായിക്കുമ്പോൾ ആർസിബിയെ ഹോംബാലെ ഫിലിംസ് വാങ്ങുമെന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിനിമാ നിർമാണ വിതരണ സ്ഥാപനമാണ് ഹോംബാലെ ഫിലിംസ്. 2012ൽ വിജയ് കിരഗണ്ടൂരും ചാലുവ ഗൗഡയും ചേർന്നാണ് ഇത് സ്ഥാപിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ രാജകുമാര പോലെയുള്ള കന്നഡ ഹിറ്റുകളിലാണ് അവർ ഒതുങ്ങിയിരുന്നത്. എന്നാൽ പിന്നീട് കെജിഎഫ്, കാന്താര, സലാർ എന്നിവയിലൂടെ പാൻ ഇന്ത്യ ഹിറ്റുകളും ഒരുക്കി. ഈ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ ഓളമുണ്ടാക്കിയിരുന്നു. മികച്ച സാമ്പത്തിക വിജയവും ഇവ നേടി. ചിത്രങ്ങൾക്ക് ഒന്നിലധികം അവാർഡുകളും ലഭിച്ചു. ലളിതമായി പറഞ്ഞാൽ അവർ ഇപ്പോൾ ഒരു പ്രാദേശിക ബാനറല്ല, മറിച്ച് ഇന്ത്യയിലെ തന്നെ പ്രശസ്തമായ നിർമാണ കമ്പനികളിലൊന്നായി മാറി കഴിഞ്ഞു.
ഈ ചിത്രം ആർസിബിയെ ഹോംബാലെ ഫിലിംസ് വാങ്ങിയേക്കുമെന്ന റിപ്പോർട്ടുകളിൽ കൂടുതൽ വിശ്വസനീയത സൃഷ്ടിക്കുന്നു. ഇന്ത്യയിലുടനീളം സിനിമ വിൽക്കാൻ കഴിയുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ ഒരു സ്റ്റുഡിയോ ഐപിഎല്ലിലെ ഏറ്റവൂം കൂടുതൽ ആളുകൾ പിന്തുടരുന്ന ഫ്രൈഞ്ചൈസികളിലൊന്നുമായി സഖ്യമുണ്ടാക്കുന്നു, ഇത് ക്രിക്കറ്റ് ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയിട്ടുണ്ട്.
നിലവിലെ മൂല്യനിർണയങ്ങൾ പ്രകാരം ലോക ക്രിക്കറ്റിലെ ഏറ്റവും ചെലവേറിയ ടീമുകളിൽ ഒന്നായ ആർസിബിയ്ക്ക് രണ്ട് ബില്ല്യൺ ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന്. അതിനാൽ തന്നെ വിൽപ്പനയും വാങ്ങലും അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണയായി നിക്ഷേപ കൺസോർഷ്യം, സ്വകാര്യ ഇക്വിറ്റി, ഘട്ടം ഘട്ടമായുള്ള പുറത്തുപോകൽ എന്നിവയിലൂടെയാണ് കരാറുകൾ തയ്യാറാക്കുന്നത്.
വിൽപ്പനയും വാങ്ങലും സംബന്ധിച്ച് യുണൈറ്റഡ് സ്പിരിറ്റോ ഹോംബാലെ ഫിലിംസോ ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഉടമകൾ തങ്ങളുടെ മുന്നിലുള്ള ഓപ്ഷനുകൾ പരിശോധിച്ച് വരികയാണെന്നും 2026 മാർച്ച് ആകുമ്പോഴേക്കും അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
New Delhi,New Delhi,Delhi
November 20, 2025 12:21 PM IST
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാൻ കാന്താരയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് രംഗത്തെന്ന് റിപ്പോർട്ട്
