പരിക്കേറ്റ ഗില്ലിന് പകരം കെ.എൽ.രാഹുൽ നയിക്കും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു KL Rahul to lead instead of Gill Kohli and Rohit in the team ODI squad against South Africa announced | Sports
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതിനെത്തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പകരം കെഎൽ രാഹുലായിരിക്കും ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുക. വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
തിലക് വർമ്മ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ പങ്കെടുത്ത അക്സർ പട്ടേലിനും മുഹമ്മദ് സിറാജിനും ടീമിൽ ഇടം നേടാനായില്ല. പന്ത് തിരിച്ചെത്തിയെങ്കിലും ധ്രുവ് ജൂറേലിനെ നിലനിർത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് മുമ്പ് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശുഭ്മാൻ ഗിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ് മുംബൈയിൽ ചികിത്സയിലാണ്.ഗില്ലും ശ്രേയസ് അയ്യരും ഇല്ലാത്തതിനാൽ, മധ്യനിരയെ ശക്തിപ്പെടുത്താൻ സെലക്ടർമാർ യുവ ബാറ്റ്‌സ്മാൻമാരായ തിലക്, ഗെയ്‌ക്‌വാദ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ബാറ്റിംഗ് യൂണിറ്റിനെ നയിക്കും.ഫെബ്രുവരി-മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും സ്വന്തം മണ്ണിൽ തിരിച്ചെത്തുന്നത്.
സ്പിൻ നിരയെ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ നയിക്കും. ഓൾറൌണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തിയതോടെയാണ് അക്സറിനെ ഒഴിവാക്കിയത്. അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ഇന്ത്യയുടെ പേസ് കരുത്ത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സിറാജിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു.ഹാർദിക് പാണ്ഡ്യ പരിക്കിൽ നന്ന് മോചിതനാകുന്നതിനാൽ നിതീഷ് റെഡ്ഡി സ്ഥാനം നിലനിർത്തി.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30 ന് റാഞ്ചിയിൽ ആരംഭിക്കും, തുടർന്ന് ഡിസംബർ 3 ന് റായ്പൂരിൽ രണ്ടാം മത്സരവും ഡിസംബർ 6 ന് വിശാഖപട്ടണത്ത് അവസാന ഏകദിനവും നടക്കും.
ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെ എൽ രാഹുൽ (ക്യാപ്റ്റൻ.), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ.), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്, ധ്രുവ് ജുറേൽ
New Delhi,Delhi
November 23, 2025 8:16 PM IST
പരിക്കേറ്റ ഗില്ലിന് പകരം കെ.എൽ.രാഹുൽ നയിക്കും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു