ഐപിഎൽ 2026: ബംഗ്ലാദേശ് താരത്തിന് പകരം ഡുവാൻ ജാൻസനെ ടീമിലെടുക്കാൻ കെകെആർ|IPL 2026 KKR Set to Sign Duan Jansen as Replacement for Bangladesh pacer Mustafizur Rahman | Sports
Last Updated:
2025 ഡിസംബർ 16-ന് അബുദാബിയിൽ നടന്ന ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. ബിസിസിഐ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കെകെആറിന് നിർദ്ദേശം നൽകി. 2025 ഡിസംബർ 16-ന് അബുദാബിയിൽ നടന്ന ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്. എന്നാൽ ജനുവരി 3ന് പുറത്തിറക്കിയ നിർദ്ദേശ പ്രകാരം, ‘സമീപകാല സംഭവവികാസങ്ങൾ’ കണക്കിലെടുത്ത് താരത്തെ ഒഴിവാക്കാൻ ബി.സി.സി.ഐ. ആവശ്യപ്പെടുകയായിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കുന്ന സാഹചര്യത്തിൽ പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെത്തിക്കാൻ ബി.സി.സി.ഐ. അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസന്റെ ഇരട്ട സഹോദരനായ ഡുവാൻ ജാൻസനെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ സജീവമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങൾ പരിഗണിച്ച്, മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കെകെആറിനോട് ബി.സി.സി.ഐ. നിർദ്ദേശിച്ചതായാണ് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. ടീം ആവശ്യപ്പെടുകയാണെങ്കിൽ പകരം ഒരു കളിക്കാരനെ ഉൾപ്പെടുത്താനുള്ള അനുമതി നൽകുന്നതാണന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവിടെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും മൂലമുള്ള ജനരോഷം കണക്കിലെടുത്താണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചത്. മുസ്തഫിസുറിനെ കെകെആർ ലേലത്തിൽ എടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കെകെആർ സഹ ഉടമയായ ഷാരൂഖ് ഖാനെതിരെയും ചില നേതാക്കൾ രംഗത്തെത്തി. താരം കളിക്കുകയാണെങ്കിൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന ഭീഷണികളും ഉയർന്നിരുന്നു.
Marco Jansen’s brother duan Jansen isn’t a bad replacement option for the @KKRiders. Like for like and also can defo bat better. Get him @KKRiders.
— Shreevats goswami (@shreevats1) January 4, 2026
ഡുവാൻ ജാൻസനെ ആണ് കെകെആർ പകരക്കാരനായി ടീമിലെത്തിക്കേണ്ടത് എന്നാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശ്രീവത്സ ഗോസ്വാമി എക്സിൽ പങ്കുവെച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗാൾ ടീമുകൾക്കായി കളിച്ചിട്ടുള്ള ശ്രീവത്സ ഗോസ്വാമി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കും വേണ്ടി ഐപിഎല്ലിൽ പാഡണിഞ്ഞിട്ടുണ്ട്. മുസ്തഫിസുറിനെപ്പോലെ തന്നെ ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറാണ് ഡുവാൻ ജാൻസൻ. 6 അടി 8 ഇഞ്ച് ഉയരമുള്ള അദ്ദേഹത്തിന് മികച്ച രീതിയിൽ ബൗൺസ് കണ്ടെത്താൻ സാധിക്കും എന്നാണ് ഗോസ്വാമി പറയുന്നത്. ബൗളിംഗിന് പുറമെ ലോവർ ഓർഡറിൽ ബാറ്റിംഗിലും തിളങ്ങാൻ ഡുവാന് കഴിയും. ഇത് ടീമിന് കൂടുതൽ ബാലൻസ് നൽകും. അടുത്തിടെ നടന്ന SA20 ലീഗിൽ ജോബർഗ് സൂപ്പർ കിംഗ്‌സിന് വേണ്ടി 23 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ഡുവാൻ ജാൻസൻ മികച്ച പ്രകടനമാണ് നടത്തിയത്. മാർക്കോ ജാൻസനെപ്പോലെ തന്നെ അപകടകാരിയായ ഒരു ബൗളറെ കെകെആർ നിരയിൽ കാണാൻ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.
സൗത്ത് ആഫ്രിക്കയിലെ ക്ലർക്സ്‌ഡോർപ്പിൽ നിന്നുള്ള ഈ 25-കാരനായ താരം നിലവിൽ SA20 2025-26 സീസണിൽ ജോബർഗ് സൂപ്പർ കിംഗ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ടീമിനായി കളിച്ച ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 2025 ഡിസംബർ 27-ന് പ്രിട്ടോറിയ ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ നാല് ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരവും സ്വന്തമാക്കി. ഇതുവരെ മുംബൈ ഇന്ത്യൻസ്, എംഐ കേപ് ടൗൺ, ജോബർഗ് സൂപ്പർ കിംഗ്‌സ്, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സ്, നോർത്ത് വെസ്റ്റ് എന്നീ അഞ്ച് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 48 ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 46 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. കൂടാതെ ബാറ്റിംഗിൽ 329 റൺസും താരം സംഭാവന ചെയ്തിട്ടുണ്ട്. മുസ്തഫിസുറിന് പകരക്കാരനായി കെകെആർ ഇദ്ദേഹത്തെ പരിഗണിക്കുകയാണെങ്കിൽ, ടീമിന്റെ ബൗളിംഗ് നിരയ്ക്ക് അത് വലിയൊരു കരുത്താകും.
New Delhi,New Delhi,Delhi
