മരണത്തെ മുഖാമുഖം കണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യറുടെ ഗംഭീര തിരിച്ചുവരവ്; മുംബൈക്കായി 53 പന്തിൽ 82 റൺസ്| Shreyas Iyer Makes Stunning Comeback After Life-Threatening Injury Smashes 82 off 53 Balls for Mumbai | Sports
Last Updated:
മുംബൈക്കായി ക്രീസിലിറങ്ങിയ അയ്യർ 10 ഫോറുകളും 3 സിക്സറുകളും സഹിതമാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. മുഷീർ ഖാനൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസും സൂര്യകുമാറിനൊപ്പം നാലാം വിക്കറ്റിൽ 65 റൺസും കൂട്ടിച്ചേർത്തു
ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കിനുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ജയ്‌പൂരിൽ ചൊവ്വാഴ്ച നടന്ന വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈക്കായാണ് 31കാരനായ താരം ബാറ്റിംഗിനിറങ്ങിയത്. നാലാം നമ്പറിൽ ബാറ്റ് ചെയ്ത അയ്യർ 53 പന്തിൽ നിന്ന് 82 റൺസ് നേടി. മുംബൈയെ നയിക്കുന്ന അയ്യർ, ഈ നിർണായക മത്സരത്തിൽ 10 ഫോറുകളും 3 സിക്സറുകളും പറത്തി.
മൂന്നാം വിക്കറ്റിൽ മുഷീർ ഖാനൊപ്പം (73 റൺസ്) 52 പന്തിൽ നിന്ന് 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അയ്യർ, നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം (24 റൺസ്) 39 പന്തിൽ 65 റൺസും ചേർത്തു. കനത്ത മൂടൽമഞ്ഞ് കാരണം വൈകി തുടങ്ങിയ മത്സരം അയ്യരെ സംബന്ധിച്ചിടത്തോളം ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി കായികക്ഷമത തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു.
ജനുവരി 3ന് പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ അയ്യരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായിരുന്നു അത്. എന്നാൽ തന്റെ ബാറ്റിംഗിലൂടെ അദ്ദേഹം എല്ലാ സംശയങ്ങളും ദൂരീകരിച്ചിരിക്കുകയാണ്. എങ്കിലും ഹിമാചൽ ഇന്നിംഗ്സിലെ 33 ഓവറുകളിലും അദ്ദേഹം ഫീൽഡ് ചെയ്യുമോ എന്നത് ശ്രദ്ധേയമായിരിക്കും.
അയ്യർ തിളങ്ങിയപ്പോൾ മുംബൈ ടീമിലെ മറ്റ് പ്രമുഖ താരങ്ങളായ യശസ്വി ജയ്‌സ്വാൾ (15), സൂര്യകുമാർ യാദവ് (24), ശിവം ദുബെ (20), സർഫറാസ് ഖാൻ (21) എന്നിവർക്ക് വലിയ സ്കോറുകൾ കണ്ടെത്താനായില്ല. വൈഭവ് അറോറ ജയ്‌സ്വാളിനെ പുറത്താക്കിയപ്പോൾ, കുശാൽ പാൽ സൂര്യയെയും അഭിഷേക് കുമാർ സർഫറാസിനെയും ദുബെയെയും പുറത്താക്കി.
ജനുവരി 11ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി അയ്യരും ജയ്‌സ്വാളും വഡോദരയിലേക്ക് തിരിക്കും. സൂര്യകുമാറും ദുബെയും ജനുവരി 21ന് തുടങ്ങുന്ന ടി20 പരമ്പരയിലായിരിക്കും കളിക്കുക.
അയ്യറുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ 33 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 299 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്.
Mumbai,Maharashtra
