Leading News Portal in Kerala

മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം| Daryl Mitchell hits century as New Zealand fights back in Rajkot Kiwis secure a stunning victory in the second ODI | Sports


Last Updated:

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

സെഞ്ച്വറി നേടിയ ഡാരിൽ‌ മിച്ചൽ (Picture Credit: AP)
സെഞ്ച്വറി നേടിയ ഡാരിൽ‌ മിച്ചൽ (Picture Credit: AP)

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലിന്റെയും 87 റൺസെടുത്ത വിൽ യങ്ങിന്റെയും ബാറ്റിംഗ് മികവിലാണ് സന്ദർശകർ വിജയം പിടിച്ചെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1).

കളിമാറ്റിയ മിച്ചൽ – യങ്ങ് സഖ്യം

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഓപ്പണർമാരായ ഡെവോൺ കോൺവേയെയും (16) ഹെന്റി നിക്കോൾസിനെയും (10) ഇന്ത്യ വേഗത്തിൽ മടക്കി. 46 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ കിവീസിനെ പിന്നീട് ഒത്തുചേർന്ന വിൽ യങ്ങും ഡാരിൽ മിച്ചലും ചേർന്ന് കരകയറ്റുകയായിരുന്നു.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 162 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. സ്കോർ 208ൽ നിൽക്കെ വിൽ യങ്ങിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. തുടർന്നിറങ്ങിയ ഗ്ലെൻ ഫിലിപ്‌സിനെ (32*) കൂട്ടുപിടിച്ച് മിച്ചൽ ടീമിനെ വിജയത്തിലെത്തിച്ചു. 131 റൺസ് നേടിയ മിച്ചൽ പുറത്താകാതെ നിന്നു.

രാഹുലിന്റെ പോരാട്ടം പാഴായി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് എടുത്തത്. എട്ടാം ഏകദിന സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 92 പന്തിൽ 11 ഫോറും ഒരു സിക്സറുമടക്കം 112 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു.

ഓപ്പണർമാരായ രോഹിത് ശർമയും (24) ശുഭ്മാൻ ഗില്ലും (56) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. വിരാട് കോഹ്ലിയും (23) ശ്രേയസ്സ് അയ്യരും (8) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. അഞ്ചാം വിക്കറ്റിൽ രാഹുലും രവീന്ദ്ര ജഡേജയും (27) ചേർന്ന് 73 റൺസ് കൂട്ടിചേർത്തു. അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും (20) രാഹുലിന് മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മലയാളം വാർത്തകൾ/ വാർത്ത/Sports/

മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം