എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇനി വേണ്ട! വിൽപ്പനയ്ക്ക് വച്ച് ഇലോൺ മസ്ക്, മൂല്യം 50,000 ഡോളർ
എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ഏകദേശം 50,000 ഡോളർ മൂല്യം കണക്കാക്കിയാണ് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വിൽപ്പന നടത്താൻ മസ്ക് തീരുമാനിച്ചിരിക്കുന്നത്. 2022-ൽ തന്നെ ഇത്തരം ഉപയോഗശൂന്യമായ അക്കൗണ്ടുകൾ വിൽപ്പനയ്ക്ക് വയ്ക്കുമെന്ന് മസ്ക് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
വിൽപ്പനയ്ക്കായി തിരഞ്ഞെടുത്തവയിൽ ബോട്ട് അക്കൗണ്ടുകളും, ട്രോൾ അക്കൗണ്ടുകളുമാണ് ഏറ്റവും കൂടുതൽ ഉള്ളത്. ഇവ വരുന്ന മാസങ്ങളിൽ തന്നെ പൂർണ്ണമായും ഒഴിവാക്കാനാണ് മസ്കിന്റെ നീക്കം. അതേസമയം, ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ പരസ്പരം വിൽക്കാൻ സാധിക്കുന്ന ഹാന്റിൽ മാർക്ക്സ് പ്ലേസ് വേണമെന്ന് ഇതിനോടകം ചിലർ ആവശ്യം ഉന്നയിച്ചിരുന്നു. ഇതും മസ്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
അക്കൗണ്ട് വാങ്ങാൻ സാധ്യതയുള്ളവരെ തിരഞ്ഞെടുത്ത്, അവർക്ക് മാത്രമായി എക്സ് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. എക്സിലെ ജീവനക്കാരാണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്. എക്സ് ഹാന്റിൽ മാർഗ്ഗനിർദേശങ്ങൾ, പ്രോസസ്, ഫീസ് എന്നിവയിൽ അടുത്തിടെ അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശത്തിൽ എക്സ് വ്യക്തമാക്കുന്നുണ്ട്.