എടുക്കാത്ത ലോട്ടറിക്ക് സമ്മാനം! ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്
ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്. എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ലോട്ടറി തട്ടിപ്പ് സംഘം സജീവമാണെന്നും പോലീസ് വ്യക്തമാക്കി. ലോട്ടറി സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ ഇമെയിൽ മുഖാന്തരമോ, ഫോൺ മുഖാന്തരമോ അറിയിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. അറിഞ്ഞിട്ടുപോലുമില്ലാത്ത ലോട്ടറി അടിച്ചുവെന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.
ലോട്ടറി സമ്മാനത്തിന് അർഹമായി എന്ന തട്ടിപ്പിന് പുറമേ, കേരള ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന ആപ്പുകൾക്കെതിരെയും സംസ്ഥാന ലോട്ടറി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് പ്രത്യേക ആപ്പുകൾ ഇല്ലെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ, ഓൺലൈനിൽ ലോട്ടറി എടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ആപ്പുകളെല്ലാം വ്യാജമാണ്. അതേസമയം, അതത് ദിവസത്തെ ഫലം അറിയുന്നതിന് മാത്രമുള്ള ഔദ്യോഗിക ആപ്പ് ലഭ്യമാണ്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ലോട്ടറി വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.