Leading News Portal in Kerala

തണുത്തുറഞ്ഞ മഞ്ഞിൽ ചരിത്രപരമായ നേട്ടം! അന്റാർട്ടിക്കയിൽ ആദ്യ പാസഞ്ചർ വിമാനം ലാൻഡ് ചെയ്തു


തണുത്തുറഞ്ഞ അന്റാർട്ടിക്ക വൻകരയിൽ ആദ്യത്തെ പാസഞ്ചർ വിമാനം ലാൻഡ് ചെയ്തു. ഹിമ ഭൂഖണ്ഡത്തിൽ ആദ്യമായി ബോയിംഗ് 787 എന്ന വിമാനമാണ് ഇറങ്ങിയത്. നോർസ് അറ്റ്‌ലാൻഡിക് എയർവെയ്സ് കമ്പനിയാണ് ചരിത്രപരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. 45 ആളുകളെ വഹിച്ചാണ് ബോയിംഗ് 787 ലാൻഡ് ചെയ്തത്. തെക്കൻ അർദ്ധഗോളത്തിൽ സൂര്യരശ്മികൾ പതിഞ്ഞ് തുടങ്ങിയ സമയത്താണ് ബോയിംഗ് 787-ന്റെ ലാൻഡിംഗ്.

‘ബ്ലൂ ഐസ് റൺവേ’യിലാണ് വിമാനം ഇറങ്ങിയത്. 300 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് ഈ റൺവേയ്ക്ക് ഉള്ളത്. അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്നും മഞ്ഞുപാളികൾ തുരന്നെടുത്താണ് ബ്ലൂ ഐസ് റൺവേ നിർമ്മിച്ചിരിക്കുന്നത്. നോർവിജിയൻ പ്ലാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.

നവംബർ 13നാണ് വിമാനം ഓസ്ലോയിൽ പുറപ്പെട്ടത്. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ പിറ്റ് സ്റ്റോപ്പ് ചെയ്തതിനു ശേഷമാണ് പിന്നീടുള്ള യാത്ര ആരംഭിച്ചത്. തണുത്തുറഞ്ഞ വൻകരയായ അന്റാർട്ടിക്കയിൽ മനുഷ്യവാസം ഇല്ല. ഗവേഷണ ആവശ്യങ്ങൾക്കും മറ്റും ചുരുങ്ങിയ കാലയളവിലേക്ക് മാത്രമാണ് ഇവിടെ ആളുകൾ എത്തിച്ചേരാറുള്ളത്. സുപ്രധാന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.