Leading News Portal in Kerala

ഹോണർ 100 സീരീസ് ചൈനയിൽ ഉടൻ എത്തും, ആകാംക്ഷയോടെ ആരാധകർ


ഉപഭോക്താക്കൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോണറിന്റെ ഏറ്റവും പുതിയ സീരീസ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. ഇത്തവണ ഹോണർ 100 സീരീസാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. നവംബർ 23 ഈ സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. ഹോണർ 100, ഹോണർ 100 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിന് കീഴിൽ പുറത്തിറക്കുന്നത്. അടുത്തിടെ ഹോണർ പുറത്തിറക്കിയ ഹോണർ 90 5ജി സ്മാർട്ട് ഫോണുകൾ വലിയ രീതിയിൽ ജനപ്രീതി നേടിയിരുന്നു.

പുതിയ സീരീസിലെ സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോണർ 100-ന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ്. 50 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകുക. സെൽഫി ക്യാമറക്കായി പഞ്ച് ഹോൾ ഡിസ്പ്ലേയാണ് ഉൾപ്പെടുത്താൻ സാധ്യത. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. ഹോണർ 100 സീരീസ് ഇന്ത്യൻ വിപണിയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നത് സംബന്ധിച്ച വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.