മൊബൈൽഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നമ്പർ ഉറപ്പിക്കാൻ സൈബര്‍ സുരക്ഷാ നിയമങ്ങളില്‍ മാറ്റം | Draft cyber security rules by the Department of Telecom to curb fraudulent activities
Last Updated:
ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ തിരിച്ചറിയുന്ന ബാങ്കുകളെയും യുപിഐ ഇടപാടുകള്‍ക്കായി ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നമ്പർ ഉറപ്പിക്കാൻ സൈബര്‍ സുരക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഫോണ്‍ നമ്പര്‍ വാലിഡേഷനായി ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ ജൂണ്‍ 24ന് പ്രസിദ്ധീകരിച്ച കരട് നിയമത്തില്‍ നിര്‍ദേശിച്ചു. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ തിരിച്ചറിയുന്ന ബാങ്കുകളെയും യുപിഐ ഇടപാടുകള്‍ക്കായി ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത സ്ഥാപനങ്ങളും ലൈസന്‍സികളും ഒരു എന്റര്‍പ്രൈസ് അല്ലെങ്കില്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ തങ്ങളുടെ ഡാറ്റാബേസില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പ്രാപ്തമായ ഒരു ‘എംഎന്‍വി പ്ലാറ്റ്‌ഫോമാണ്’ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്.
ഉപഭോക്താക്കളെയോ അവരുടെ ഇടപാടുകളെയോ ടെലികമ്മ്യൂണിക്കേഷന്‍ ഐഡന്റിഫയര്‍ യൂസര്‍ എന്റിറ്റി(ടിഐയുഇ) ആയി തിരിച്ചറിയാന്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ സൈബര്‍ സുരക്ഷാ നിയമത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയ ഒരു സ്ഥാപനം നടത്തുന്ന ടെലികോം ഡാറ്റാബേസില്‍ മൊബൈല്‍ നമ്പറിന്റെ സ്റ്റാറ്റസ് വാലിഡേഷനായി ഓരോ അഭ്യര്‍ത്ഥനയ്ക്കും 1.5 രൂപ ഈടാക്കാനും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ ഭേദഗതികള്‍ നിലവില്‍ വന്നതിന് ശേഷം മറ്റേതെങ്കിലും സ്ഥാപനം മൊബൈല്‍ നമ്പര്‍ വാലിഡേഷനായി നല്‍കുന്നുണ്ടെങ്കില്‍ ഓരോ അഭ്യര്‍ത്ഥനയ്ക്കും മൂന്ന് രൂപയും നല്‍കേണ്ടി വരും.
കരട് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ തത്പര കക്ഷികളോട് ടെലികോം വകുപ്പ് നിര്‍ദേശിച്ചു.
ടെലികോം ഇതര സ്ഥാപനങ്ങളില്‍ നിന്ന് ഒരു വ്യക്തി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും നിയമനിര്‍വഹണ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമത്തില്‍ കൂടുതല്‍ അധികാരം നല്‍കുന്നു.
വഞ്ചനാപരമായ ഇടപാടുകളില്‍ ഏര്‍പ്പെട്ട ഒരു നമ്പര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം പരീക്ഷിക്കുന്നതിനായി ഒരു ബാങ്ക് ഇതിനോടകം തന്നെ ഒരു പൈലറ്റ് പഠനം ആരംഭിച്ചിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കിയതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ തിരിച്ചറിയുന്ന നമ്പര്‍ 90 ദിവസത്തേക്ക് നിര്‍ജ്ജീവമാക്കും. 90 ദിവസത്തിന് ശേഷം അതേ നമ്പര്‍ വാങ്ങുന്ന വ്യക്തിയെ ബാധിക്കാതിരിക്കാന്‍ നമ്പറിന്റെ ചരിത്രം സ്വയമേവ ഇല്ലാതാക്കും.
Summary: A draft cyber security rules derived by the Department of Telecom to curb fraudulent activities
Thiruvananthapuram,Kerala
June 27, 2025 9:56 AM IST
മൊബൈൽഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നമ്പർ ഉറപ്പിക്കാൻ സൈബര്‍ സുരക്ഷാ നിയമങ്ങളില്‍ മാറ്റം