Leading News Portal in Kerala

ഇനി ഡൊണാള്‍ഡ് ട്രംപിന്റെ സ്മാര്‍ട്ട്‌ഫോണും! അറിയാം ട്രംപ് ടി1 വിലയും ഫീച്ചറുകളും | Donald Trump launches made in America smartphone


‘അമേരിക്കന്‍ നിര്‍മ്മിതം’ എന്ന ലേബലോടെ എത്തുന്ന സ്മാര്‍ട്ട്‌ഫോണിന്റെ മാനുഫാക്ച്ചറിങ് സൗകര്യവും കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുമെല്ലാം യുഎസില്‍ തന്നെയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാര്‍ത്ഥ അമേരിക്കകാര്‍ക്ക് മൊബൈല്‍ കമ്പനിയില്‍ നിന്ന് യഥാര്‍ത്ഥ മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ മേഖലയിലെ മികച്ച കമ്പനികളുമായി തങ്ങള്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് ജൂനിയര്‍ അറിയിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ 2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപനം. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ സംരംഭം ഡൊണാള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്‍ന്ന് അവതരിപ്പിച്ചു.

യുഎസിലെ യാഥാസ്ഥിതിക ഉപഭോക്താക്കള്‍ക്കിടയിലുള്ള ട്രംപ് ബ്രാന്‍ഡിന്റെ ആകര്‍ഷണം ഉപയോഗപ്പെടുത്താനും മറ്റ് മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് ഒരു ബദലായി സ്വയം നിലകൊള്ളാനുമാണ് ട്രംപ് മൊബൈല്‍സ് ലക്ഷ്യമിടുന്നത്. മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ ആയിട്ടായിരിക്കും കമ്പനി സേവനം നല്‍കുക. ഇതിനായി യുഎസിലെ മൂന്ന് പ്രധാന വയര്‍ലെസ് സേവനദാതാക്കളില്‍ നിന്നും നെറ്റ്‌വര്‍ക്ക് ശേഷി ഉപയോഗപ്പെടുത്തും.

ട്രംപ് ടി1 മൊബൈല്‍ സവിശേഷതകള്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണായ ടി1 ഓഗസ്റ്റിലായിരിക്കും വിപണിയില്‍ എത്തുക. 499 ഡോളറാണ് (ഏകദേശം 42,893 രൂപ) ഫോണിന്റെ വില വരുന്നത്. 100 ഡോളര്‍ ഡൗണ്‍ പേമെന്റ് സൗകര്യത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുക. ഗോള്‍ഡന്‍ നിറത്തിലെത്തുന്ന സ്മാര്‍ട്ട്‌ഫോണിന് 6.8 ഇഞ്ച് അമോഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്.

50 എംപിയാണ് ഫോണിന്റെ പ്രധാന ക്യാമറ. ആന്‍ഡ്രോയിഡ് 15-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബാറ്ററി ശേഷി 5,000 എംഎഎച്ച് ആണ്. 12 ജിബി റാം, 256 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, ഫിങ്കര്‍പ്രിന്റ്, എഐ ഫേസ് അണ്‍ലോക്ക് സെക്യൂരിറ്റി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ‘യുഎസില്‍ തന്നെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണ്‍’ എന്ന ലേബിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

വിദേശ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ആധിപത്യമുള്ള വിപണിയില്‍ അമേരിക്കന്‍ നിര്‍മ്മിത ബദല്‍ ഉത്പന്നം അന്വേഷിക്കുന്ന ഉപഭേക്താക്കളെയാണ് ട്രംപ് സ്മാര്‍ട്ട്‌ഫോണ്‍ ലക്ഷ്യമിടുന്നത്. 60 മില്യണിലധികം സ്മാര്‍ട്ട്‌ഫോണുകളാണ് യുഎസില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശ ബ്രാന്‍ഡുകളാണ്.

സര്‍വീസ് പ്ലാനും ട്രംപ് മൊബൈല്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. 4,078 രൂപയുടെ (47.45 ഡോളര്‍) പ്രതിമാസ പ്ലാനാണിത്. ട്രംപിനെ 47-ാമത് പ്രസിഡന്റ് എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് ടോക്ക് ടൈം, ടെക്‌സ്റ്റ്, ഡാറ്റ ഓഫര്‍, ഇതിനു പുറമേ 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ടെലിഹെല്‍ത്ത് സര്‍വീസ്, ഡിവൈസ് പ്രൊട്ടക്ഷന്‍, 100-ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സൗജന്യ അന്താരാഷ്ട്ര കോള്‍ സൗകര്യം തുടങ്ങിയവയും ഈ പ്ലാനിലുണ്ട്.

സൗജന്യമായി ദീര്‍ഘദൂര, വിദേശ കോളിങ് സര്‍വീസ് നല്‍കികൊണ്ട് സൈനിക കുടുംബങ്ങളെ പിന്തുണക്കാനാണ് ഈ സേവനം ഊന്നല്‍ നല്‍കുന്നത്. 250 സീറ്റ് കസ്റ്റമര്‍ സര്‍വീസ് സെന്ററാണ് പുതിയ സംരംഭത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരെല്ലാം യഥാര്‍ത്ഥ മനുഷ്യന്മാരാണ് മെഷീനുകളല്ല. ഇത് 24 മണിക്കൂര്‍ സേവനം നല്‍കും.