Leading News Portal in Kerala

ജൂലായ് ഒന്നുമുതൽ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇങ്ങനെ | How to book train tickets from IRCTC website from July 1 onwards


Last Updated:

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സുതാര്യതയും നൈതികതയും ഉറപ്പാക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഇന്ത്യന്‍ റയില്‍വേ

IRCTC വെബ്‌സൈറ്റ്IRCTC വെബ്‌സൈറ്റ്
IRCTC വെബ്‌സൈറ്റ്

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സുതാര്യതയും നൈതികതയും ഉറപ്പാക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഇന്ത്യന്‍ റയില്‍വേ. യഥാര്‍ത്ഥ യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ജൂലായ് ഒന്നുമുതല്‍ ആധാര്‍ ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചു. അതായത്, ഉപഭോക്താക്കള്‍ തങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം.

ഉപഭോക്തൃ ആധികാരികത ഉറപ്പാക്കുന്നതിനും തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിംഗിലെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം…

* ഓണ്‍ലൈന്‍ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കണം. ഇങ്ങനെ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ജൂലായ് ഒന്നുമുതല്‍ ഐആര്‍സിടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുകയുള്ളു.

കൂടാതെ തല്‍ക്കാല്‍ ബുക്കിംഗിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനവും നിര്‍ബന്ധമാകും. അതായത്, തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴി ഉപഭോക്താക്കള്‍ തങ്ങളുടെ ആധികാരികത ഉറപ്പാക്കണം. ജൂലായ് 15 മുതലാണ് ഒടിപി സംവിധാനം നിര്‍ബന്ധവുക.

* പിആര്‍എസ് കൗണ്ടറുകളിലും ഏജന്റുമാരിലും സിസ്റ്റം അധിഷ്ടിത ഒടിപി സംവിധാനം നടപ്പാക്കും

കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്ക് ചെയ്യുന്ന തൽക്കാൽ ടിക്കറ്റുകള്‍ക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയക്കും. ഇതുവഴിയാണ് ഉപഭോക്താവിന്റെ ആധികാരികത ഉറപ്പാക്കുക. ഈ വ്യവസ്ഥയും ജൂലായ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.

* അംഗീകൃത ഏജന്റുമാര്‍ക്കുള്ള ബുക്കിംഗ് സമയത്തില്‍ നിയന്ത്രണം

തല്‍ക്കാല്‍ വിന്‍ഡോ തുറക്കുന്ന സമയത്തെ തിരക്ക് തടയുന്നതിന് വേണ്ടിയാണ് ഈ നടപടി. ബുക്കിംഗ് വിന്‍ഡോ തുറന്ന ശേഷമുള്ള ആദ്യ 30 മിനുറ്റില്‍ ഇന്ത്യന്‍ റയില്‍വേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാര്‍ക്ക് ഓപ്പണിംഗ് ദിവസത്തെ തൽക്കാൽ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല. എസി ക്ലാസുകള്‍ക്ക് രാവിലെ 10:00 മുതല്‍ 10:30 വരെയും എസി ഇതര ക്ലാസുകള്‍ക്ക് രാവിലെ 11:00 മുതല്‍ 11:30 വരെയും ഈ നിയന്ത്രണം ബാധകമാണ്.

തൽക്കാൽ ബുക്കിംഗുകളില്‍ സുതാര്യത മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ അന്തിമ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചു. പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ വരുത്താനും ഐആര്‍സിടിസി എക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും എല്ലാ സോണല്‍ ഓഫീസുകളെയും വകുപ്പുകളെയും ഇതനുസരിച്ച് വിവരം അറിയിക്കാനും ഇന്ത്യന്‍ റയില്‍വേ ഐആര്‍സിടിസിക്കും സിആര്‍ഐഎസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ മാറ്റങ്ങള്‍ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ റയില്‍വേ ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്കിംഗിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ഐആര്‍സിടിസി എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും റയില്‍വേ പറഞ്ഞു.