ട്രംപിന്റെ താരിഫിനെ മറികടക്കാൻ ആപ്പിൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിച്ചത് 600 ടൺ ഐഫോൺ Apple imported 600 tons of iPhones from India to the US to to beat Trumps tariffs
Last Updated:
മാര്‍ച്ച് മുതല്‍ 100 ടണ്‍ ശേഷിയുള്ള ആറ് കാര്‍ഗോ വിമാനങ്ങളാണ് ഐഫോണുകളുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പറന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കത്തെ മറികടക്കാന്‍ ടെക് ഭീമനായ ആപ്പിള്‍ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങള്‍ വഴി ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകള്‍ അമേരിക്കയിലേക്ക് എത്തിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ജനപ്രിയ ഐഫോണുകളുടെ ചരക്കുപട്ടിക വര്‍ധിപ്പിക്കാനുള്ള യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ സ്വകാര്യ തന്ത്രം വ്യക്തമാക്കുന്നതാണ് ഈ നീക്കം.
ആപ്പിള്‍ ഉപകരണങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമായ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ഉയര്‍ന്ന തോതില്‍ ആപ്പിള്‍ ആശ്രയിക്കുന്നതിനാല്‍ അമേരിക്കയില്‍ ഐഫോണുകളുടെ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ ഏറ്റവും ഉയര്‍ന്ന താരിഫ് നിരക്കായ ചൈനയ്ക്ക് മേല്‍ ഏല്‍പ്പിച്ച 125 ശതമാനം ആപ്പിളിനും ബാധകമാണ്.
ഇന്ത്യയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് ട്രംപ് ഭരണകൂടം പകരച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയ്ക്ക് മേല്‍ ഏല്‍പ്പിച്ച 125 ശതമാനം വളരെ അധികമാണ്. ഇന്ത്യയ്ക്കും മറ്റുചില രാജ്യങ്ങള്‍ക്കും മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടി ട്രംപ് ഭരണകൂടം താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
താരിഫ് നിരക്ക് ഉയര്‍ത്തുന്നതിനെ മറികടക്കാനാണ് ആപ്പിള്‍ ഇപ്രകാരം ചെയ്തതെന്ന് കമ്പനിയുമായി അടുത്തുബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കാന്‍ ആപ്പിള്‍ ഇന്ത്യന്‍ വിമാനത്താവള അധികൃതരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് മുതല്‍ 100 ടണ്‍ ശേഷിയുള്ള ആറ് കാര്‍ഗോ വിമാനങ്ങളാണ് ഐഫോണുകളുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പറന്നത്. പുതിയ താരിഫ് നിരക്കുകള്‍ വരുന്നുമെന്ന് കരുതിയിരുന്ന ഈ ആഴ്ചയും വിമാനങ്ങളിലൊന്ന് അമേരിക്കയിലേക്ക് പറന്നതായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഐഫോണ്‍ 14ന്റെയും അതിന്റെ ചാര്‍ജിംഗ് കേബിളിന്റെയും പാക്കേജ് ചെയ്തതിന് ശേഷമുള്ള ഭാരം 350 ഗ്രാം ആണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതായത് ആകെ 600 ടണ്‍ ചരക്കാണ് കയറ്റി അയച്ചതെങ്കില്‍ 1.5 മില്ല്യണ്‍ ഐഫോണുകളാണ് അതില്‍ ഉള്‍പ്പെടുന്നത്.
അതേസമയം, ഈ നടപടിയില്‍ ആപ്പിളും കേന്ദ്ര വ്യോമയാന മന്ത്രാലയും പ്രതികരിച്ചിട്ടില്ല.
New Delhi,Delhi
April 11, 2025 6:15 PM IST