ഗൂഗിളില്‍ ജോലി കിട്ടാൻ വേണ്ട യോഗ്യതകള്‍ ഇതൊക്കെ; സുന്ദര്‍ പിച്ചൈ പറയുന്നു | How to find a job with Google Sunder Pichai explains
Last Updated:
ഗൂഗിളിലെ ജോലി സ്ഥലത്തെ സംസ്കാരം സര്‍ഗാത്മകതയും പുതുമയും എങ്ങനെയാണ് വളര്‍ത്തുന്നത് എന്നതിനെക്കുറിച്ചും പിച്ചൈ സംസാരിച്ചു
ഗൂഗിളില്‍ (Google) ഒരു ജോലിയെന്നത് ടെക് മേഖലിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ആളുകളുടെയും ഒരു സ്വപ്നമാണ്. ഗൂഗിളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് എഞ്ചിനീയര്‍മാര്‍ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈ (Sunder Pichai). ‘ഡേവിഡ് റൂബെന്‍സ്റ്റെയിന്‍ ഷോ; പിയര്‍ ടു പിയര്‍ കോണ്‍വര്‍സേഷന്‍’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഗിളില്‍ ജോലി ലഭിക്കാന്‍ സാങ്കേതികപരമായി മികവുണ്ടായാല്‍ മാത്രം പോരെന്നും ഏതൊരു സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനും പുതിയ കാര്യങ്ങള്‍ വേഗത്തിൽ പഠിച്ചെടുക്കാന്‍ താത്പര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓഫീസ് പരിതസ്ഥിതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെയാണ് കമ്പനി തിരയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിളിലെ ജോലി സ്ഥലത്തെ സംസ്കാരം സര്‍ഗാത്മകതയും പുതുമയും എങ്ങനെയാണ് വളര്‍ത്തുന്നത് എന്നതിനെക്കുറിച്ചും പിച്ചൈ സംസാരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തെ വളര്‍ത്താനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൂഗിളില്‍ താന്‍ ജോലിക്ക് ചേര്‍ന്ന ആദ്യനാളുകളില്‍ കമ്പനിയുടെ കഫേയില്‍ കണ്ടുമുട്ടിയ ചിലയാളുകള്‍ തന്നെ ആവേശകരമായ പുതിയ ആശയങ്ങളിലേക്ക് നയിച്ചത് എങ്ങനെയാണെന്നും പിച്ചൈ വിവരിച്ചു. ഇത്തരം സംരംഭങ്ങളുടെ നേട്ടങ്ങള്‍ അവയുണ്ടാക്കുന്ന അനുബന്ധ ചെലവുകളേക്കാള്‍ വളരെ കൂടുതലാണെന്ന് പറഞ്ഞ അദ്ദേഹം ഇത് ഗൂഗിളില്‍ പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഒരു സംസ്കാരം രൂപപ്പെടുത്തുന്നതില്‍ അവരുടെ പങ്ക് എടുത്തുകാണിക്കുന്നതായും പറഞ്ഞു.
2024 ജൂണ്‍ വരെ ഗൂഗിളിന് കീഴില്‍ 1.79 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ഗൂഗിൾ. ജോലി തേടിയെത്തിയ 90 ശതമാനം പേര്‍ക്കും ഗൂഗിളില്‍ തൊഴിൽ നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ ഇത് കമ്പനിയിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടാന്‍ കാരണമായി. ആഗോളതലത്തിൽ ടെക് മേഖലയില്‍ ജോലിക്കാരെ എടുക്കുന്നത് മന്ദഗതിയിലായതിനാല്‍ ഗൂഗിളില്‍ ജോലി ചെയ്യുക എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നതായും അദ്ദേഹം സമ്മതിച്ചു.
സാങ്കേതികവിദ്യാരംഗത്ത് എന്‍ട്രി ലെവല്‍ ജോലികള്‍ക്കുള്ള മത്സരം വര്‍ധിക്കുന്നതിന് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ വേറിട്ടു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമുഖത്തിന് വരുന്നവര്‍ നന്നായി തയ്യാറെടുക്കണമെന്ന് മുന്‍ ഗൂഗിള്‍ റിക്രൂട്ടറായ നോളന് ചര്‍ച്ച് ബിസിനസ് ഇന്‍സൈഡര്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ തയ്യാറെടുപ്പില്‍ ഗൂഗിളിന്റെ മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക മാത്രമല്ല, സ്ഥാപനത്തിന്റെ ദൗത്യത്തെക്കുറിച്ച് അറിയുകയും അവ സംസാരിക്കാനും കഴിവുണ്ടായിരിക്കണം. കൂടാതെ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ഉദ്യമത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും വിവരിക്കുകയും പ്രൊഫഷണല്‍ രംഗത്തെ തങ്ങളുടെ നേട്ടങ്ങള്‍ വ്യക്തമാക്കുകയും വേണമെന്നും ചര്‍ച്ച് ഉപദേശിച്ചു.
ഗൂഗിളില്‍ ജോലിക്ക് കയറിയിട്ട് തനിക്ക് പ്രമോഷന് ലഭിച്ചില്ലെന്നും പിന്നീട് തന്റെ കരിയറില്‍ മെച്ചപ്പെട്ട കഴിവുകള്‍ പുറത്തെടുക്കാന്‍ അത് സഹായിച്ചതെങ്ങനെയന്നും വിവരിച്ചുകൊണ്ടുള്ള യുവതിയുടെ കുറിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2011 ഒക്ടോബറിലാണ് ഇവര്‍ ഗൂഗിളില്‍ ജോലിയ്ക്ക് കയറിയത്. തുടക്കകാലം അത്ര എളുപ്പമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കമ്പനിയില്‍ ചേര്‍ന്ന് 7 മാസത്തിനിപ്പുറം ഗൂഗിള്‍ ഫൈബറിലേക്ക് താനെത്തിയെന്നും അവിടെ വെച്ചാണ് തനിക്ക് പ്രമോഷന് നിഷേധിക്കപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. എല്ലാവരില്‍ നിന്നും മികച്ച ഫീഡ്ബാക്ക് തന്നെയാണ് തനിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നാണ് തനിക്ക് പ്രമോഷന് നിഷേധിച്ചുവെന്ന കാര്യം മാനേജര്‍ തന്നോട് പറയുന്നതെന്നും ഇവര്‍ പറഞ്ഞു.
‘ഗൂഗിള്‍ വിടണമെന്ന് തനിക്ക് തോന്നിയില്ലെന്നും എന്നാൽ കരിയറിൽ മെച്ചപ്പെടുത്തലുകൾ നടത്താൻ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചുവെന്നും യുവതി പറഞ്ഞു.
അങ്ങനെ പുതിയൊരു പ്രോജക്ടില്‍ വര്‍ക്ക് ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചെന്നും അത് തന്റെ കരിയറില്‍ വഴിത്തിരിവായെന്നും ഇവര്‍ പറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ഉണ്ടാകുന്ന അപ്ഡേറ്റുകള് മാനേജറെ അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ ഗൂഗിളില്‍ ചേര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് തനിക്ക് പ്രമോഷന് ലഭിച്ചതെന്നും ജീവനക്കാരി പറഞ്ഞു. ആദ്യത്തെ തവണ തന്റെ പ്രമോഷന് നിരസിച്ചതിലൂടെ ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ പറ്റിയെന്നും അന്ന് പ്രമോഷന് നിഷേധിച്ചത് തനിക്ക് ഒരു അനുഗ്രഹമായെന്നും ഇവര്‍ പറഞ്ഞു. 2016 ആയപ്പോഴേക്കും ടെക് ലീഡായി വീണ്ടും തനിക്ക് പ്രമോഷന് ലഭിച്ചുവെന്നും ഇവര്‍ പറഞ്ഞു.
Thiruvananthapuram,Kerala
October 14, 2024 5:06 PM IST