ചൊവ്വയില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് പച്ചനിറമായേക്കും, കാഴ്ച ശക്തിയും നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍|Humans living on Mars may turn green and lose their eyesight Scientist with warning
Last Updated:
ഭാവിയില്‍ ചൊവ്വ മനുഷ്യരുടെ ആവാസകേന്ദ്രമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
ചൊവ്വയില്‍ മനുഷ്യരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ഭാവിയില്‍ ചൊവ്വ മനുഷ്യരുടെ ആവാസകേന്ദ്രമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും അവിടുത്തെ പ്രതികൂലമായ അന്തരീക്ഷം മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്നാണ് ഒരു കൂട്ടം വിദഗ്ധരുടെ വാദം. അവിടെ മനുഷ്യര്‍ താമസിക്കുമ്പോള്‍ ശരീരത്തിന്റെ നിറം മാറിയേക്കാമെന്നും കാഴ്ച ശക്തി നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വയില്‍ മനുഷ്യന് അതിജീവിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചൊവ്വയിലെത്തുന്ന മനുഷ്യര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍ പലതരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വിധേയമാകുമെന്ന് ബയോളജിസ്റ്റായ ഡോ. സ്‌കോട്ട് സോളമന്‍ പറഞ്ഞു. കുറഞ്ഞ ഗുരുത്വാകര്‍ഷണ ശക്തിയും ഉയര്‍ന്ന അളവിലുള്ള റേഡിയേഷനും കാരണമാണ് പരിവർത്തനം സംഭവിക്കുക. ചര്‍മത്തിന്റെ നിറം പച്ചനിറമാകുകയും പേശികള്‍ ദുര്‍ബലപ്പെടുകയും കാഴ്ച ശക്തി ഇല്ലാതെയാകുകയും അസ്ഥികള്‍ പൊട്ടുകയും ചെയ്‌തേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൊവ്വ ഒരു ചെറിയ ഗ്രഹമാണ്. ഇവിടെ ഭൂമിയേക്കാൾ 30 ശതമാനം ഗുരുത്വാകര്‍ഷണബലം കുറവാണ്.
ഇതിന് പുറമെ ചൊവ്വയില്‍ ഓസോണ്‍ പാളിയും കാന്തിക മണ്ഡലവും ഇല്ല. അതിനാല്‍ ബഹിരാകാശ വികിരണം, കോസ്മിക് കിരണങ്ങള്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവ നേരിട്ട് ശരീരത്തില്‍ പതിക്കാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള പരിസ്ഥിതി മനുഷ്യരില്‍ പരിണാമത്തിന് കാരണമാകും. ഇതിന്റെ ഫലമായി ചര്‍മത്തിന്റെ നിറം മാറുമെന്നും റേഡിയേഷനെ നേരിടാന്‍ സഹായിക്കുമെന്നും ഡോ. സോളമന്‍ പറഞ്ഞു.
”വലിയ അളവിലുള്ള റേഡിയേഷന്‍ ഉണ്ടാകുമ്പോള്‍ അത് നേരിടാന്‍ സഹായിക്കുന്നതിന് ചര്‍മം പുതിയ പിഗ്മെന്റ് ഉത്പാദിപ്പിച്ചേക്കാം,” ഫ്യൂച്ചര്‍ ഹ്യൂമന്‍സ് എന്ന പുസ്തകത്തില്‍ ഡോ. സോളമന്‍ പറഞ്ഞു.
ഗുരുത്വാകര്‍ഷബലം ഇല്ലാത്തതിനാല്‍ അസ്ഥികള്‍ വേഗത്തില്‍ ഒടിയുമെന്നും ഇത് പ്രസവസമയത്ത് സ്ത്രീകളുടെ ഇടുപ്പ് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ ചുറ്റുപാടില്‍ മനുഷ്യര്‍ ഒരുമിച്ച് താമസിക്കുന്നതിനാല്‍ ദൂരേയ്ക്ക് നോക്കേണ്ട ആവശ്യം കുറയുമെന്നും അത് കാഴ്ച ശക്തിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi,Delhi
October 01, 2024 1:50 PM IST
ചൊവ്വയില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് പച്ചനിറമായേക്കും, കാഴ്ച ശക്തിയും നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍