Leading News Portal in Kerala

ആപ്പിള്‍ വാച്ച് സീരീസ് 10: സ്ലീപ് അപ്നിയ കണ്ടെത്താന്‍ സംവിധാനം, വലിയ ഡിസ്‌പ്ലേ: വിലയെത്ര?|apple watch 10 series with sleep apnea detection launched check specifications features price


Last Updated:

രണ്ട് വേരിയന്റുകളിലായാണ് ആപ്പിള്‍ വാച്ച് സീരീസ് 10 അവതരിപ്പിച്ചിരിക്കുന്നത്, ജിപിഎസ് സെല്ലുലാര്‍ വേരിയന്റിന് ഇന്ത്യയില്‍ 46,900 രൂപയാണ് വില

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം ഏറ്റവും പുതിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽവെച്ചാണ് പുതിയ ഉത്പന്നങ്ങള്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരീസ് 10, പുതിയ നിറത്തിലെത്തിയ ആപ്പിള്‍ വാച്ച് അള്‍ട്ര 2, ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് എന്നിവയാണ് പുറത്തിറക്കിയത്.

സ്ലീപ് അപ്നിയ തിരിച്ചറിയുന്നതിനുള്ള ഫീച്ചറാണ് ആപ്പിള്‍ വാച്ച് സീരീസ് 10ന്റെ ഏറ്റവും വലിയ പ്രത്യേകത. സ്മാര്‍ട്ട് വാച്ചിലെ ഇസിജി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ആപ്പിള്‍ വാച്ച് സീരീസ് 10ന്റെ ഇന്ത്യയിലെ വില

രണ്ട് വേരിയന്റുകളിലായാണ് ആപ്പിള്‍ വാച്ച് സീരീസ് 10 അവതരിപ്പിച്ചിരിക്കുന്നത്. ജിപിഎസ് സെല്ലുലാര്‍ വേരിയന്റിന് ഇന്ത്യയില്‍ 46,900 രൂപയാണ് വില. സെപ്റ്റംബര്‍ 20ന് ഇതിനുള്ള പ്രീ ഓഡര്‍ ആരംഭിക്കും. ടൈറ്റാനിയം വേരിയന്റ് 79,900 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകും.

ആപ്പിള്‍ വാച്ച് സീരീസ് 10 പ്രത്യേകതകള്‍

വലിയ വൈഡ് ആംഗിള്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ, സ്ലിം ബെസലുകള്‍, കനം കുറഞ്ഞ ഡിസൈന്‍ എന്നിവയാണ് ആപ്പിള്‍ വാച്ച് സീരീസ് 10ന്റെ പ്രധാന പ്രത്യേകതകള്‍. ലോഹം കൊണ്ടുള്ള ചട്ടയാണ് പിറകില്‍ നല്‍കിയിരിക്കുന്നത്. ഇത് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനും വെള്ളം കടത്തിവിടാതിരിക്കാനും സഹായിക്കുന്നു. വാച്ച് 30 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ടൈറ്റാനിയത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട്‌വാച്ച് ഇത്തവണത്തെ പ്രത്യേകതയാണ്. സ്റ്റെയില്‍നെസ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഗിച്ചത് വാച്ചിന്റെ ഭാരം കുറയ്ക്കുന്നു. പുതിയ എസ് 10 ചിപ്പാണ് ആപ്പിള്‍ വാച്ച് സീരീസ് 10ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഓണ്‍ ബോര്‍ഡ് മൈക്രോഫോണ്‍ ഉപയോഗിച്ച് ശബ്ദം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ബില്‍റ്റ്-ഇന്‍ സ്പീക്കറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൈത്തണ്ടയില്‍ കെട്ടിയ വാച്ചില്‍ നിന്ന് നേരിട്ട് പാട്ടുകളും പോഡ്കാസ്റ്റുകളും പ്ലേ ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

സ്ലീപ് അപ്നിയ കണ്ടെത്താന്‍ ഫീച്ചര്‍

ഉപയോക്താവ് സ്‌ളീപ് അപ്‌നിയയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ഫീച്ചര്‍ ആപ്പിള്‍ വാച്ച് സീരീസ് 10ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉറക്കത്തിനിടെ പെട്ടെന്ന് ശ്വാസോച്ഛാസം നിലച്ചുപോകുന്ന അവസ്ഥയാണിത്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ എത്രയും വേഗം ഡോക്ടറെ കാണാനും മതിയായ ചികിത്സ തേടാനും കഴിയും. ഇതിന് പുറമെ ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ അലേര്‍ട്‌സ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.