ഇന്ത്യയിൽ ഇനി ഇൻ്റർനെറ്റ് അതിവേഗം; മൂന്ന് സമുദ്രാന്തർ കേബിൾ ലൈനുകൾ ഉടൻ three undersea cable soon in operation to boost the capacity of internet connectivity in India
Last Updated:
പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഇൻ്റർനെറ്റിൻ്റെ വേഗത ഇപ്പോഴുള്ളതിനേക്കാൾ നാലിരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്
ഇൻ്റർനെറ്റ് സംവിധാനത്തിന് വേഗം പകരാൻ ഇന്ത്യയുടെ മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഇൻ്റർനെറ്റിൻ്റെ വേഗത ഇപ്പോഴുള്ളതിനേക്കാൾ നാലിരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. 2 ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ എക്സ്പ്രസ് (IAX), ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (IEX) എന്നിവയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ പദ്ധതികൾ.
ഈ വർഷം ഒക്ടോബറിനും 2025 മാർച്ചിനും ഇടയിൽ പദ്ധതികൾ പ്രവർത്തന ക്ഷമമാകുമെന്നാണ് വിവരം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള സമുദ്രാന്തർ കേബിൾ സംവിധാനങ്ങളുടെ ശേഷിയുടെ 4 ഇരട്ടി വേഗം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. സമുദ്രത്തിനടിയിലൂടെ വൻകരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്ടിക്കൽ കേബിളുകളായ സബ് മറൈൻ കേബിളുകൾ ആഗോള തലത്തിൽ ഡേറ്റ കൈമാറ്റം അതിവേഗം സാദ്ധ്യമാക്കാനാണ് ഉപയോഗിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഡിജിറ്റൽ രംഗം കൂടുതൽ കരുത്താർജിക്കുകയും ആഗോളതലത്തിലുള്ള ഡേറ്റ കൈമാറ്റവും അതിവേഗ കണക്ടിവിറ്റിയും ഇന്ത്യയിൽ സാധ്യമാവുകയും ചെയ്യും.
2 ആഫ്രിക്ക പേൾസ് കേബിൾ ശൃംഖലയായിരിക്കും ഇതിൽ എറ്റവും ബൃഹത്തായത്. 33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2 ആഫ്രിക്ക കേബിൾ സംവിധാനത്തിന് 45000 കിലോമീറ്ററിലധികം ദൈർഖ്യമുണ്ടാകും. സെക്കൻഡിൽ 180 ടെറാ ബൈറ്റ് ഡേറ്റയാണ് ഈ കേബിൾ ശൃംഖല വഴി കൈമാറാൻ സാധിക്കുന്നത്. ഭാരതി എയർടെലിന്റെ മുംബൈയിലുള്ള ലാൻഡിംഗ് സ്റ്റേഷനായിരിക്കും ഇന്ത്യയിലെ കേബിളിൻ്റെ കണക്ടിംഗ് കേന്ദ്രം. ഭാരതി എയർടെൽ,മെറ്റ ടെലികോം തുടങ്ങിയ വിവധ കമ്പനികളുടെ സഹകരണത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
ജിയോ, ചൈന മൊബൈൽ എന്നിവ ഉൾപ്പടെ വിവിധ കമ്പനികൾക്കാണ് ഇന്ത്യ-ഏഷ്യ എക്സ്പ്രസ് (IAX), ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (IEX) എന്നീ പദ്ധതികളിൽ നിക്ഷേപമുള്ളത്. ചെന്നൈ മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ കേബിളുകൾ എത്തിച്ചേരുക. 9775 കിലോ മീറ്റർ ദൈർഖ്യമുള്ള ഇന്ത്യ യൂറോപ്പ് എക്സ്പ്രസിന് സെക്കൻഡിൽ 200 ടെറാബൈറ്റ് ഡേറ്റ കൈമാറാനുള്ള ശേഷിയുണ്ടാകും. ഇന്ത്യ-ഏഷ്യ എക്സ്പ്രസ് (IAX) നും സെക്കൻഡിൽ 200 ടെറാ ബൈറ്റിൽ കൂടുതൽ ഡേറ്റ കൈമാറാനുള്ള ശേഷിയുണ്ടാകും. 16000 കിലോമീറ്റർ ദൈർഖ്യമുള്ള ഈ കേബിൾ ശൃംഖല മുംബൈ,സിംഗപ്പൂർ, മലേഷ്യ, തായ്ലാൻഡ്,ശ്രീലങ്ക എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുന്നത്.
2023 ലെ കണക്കകുകൾ പ്രകാരം ഇന്ത്യയിലെ 5 നഗരങ്ങളിലായി 17 സമുദ്രാന്തർ കേബിളുകൾ 14 സ്റ്റേഷനുകളിൽ എത്തിച്ചേരുന്നുണ്ട്. സെക്കൻഡിൽ 138.55 ടി.ബി ആണ് ഇവയുടെ പരമാവധി ഡേറ്റ കൈമാറ്റ ശേഷി.
New Delhi,Delhi
August 23, 2024 3:56 PM IST