ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട് Apple starts training workers to produce made-in-India iPhone Pro model Bloomberg
Last Updated:
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരുള്ള ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്
ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ഫാക്ടറിയിലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മുതലായ മോഡലുകള്‍ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കി തുടങ്ങിയതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനി പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 16 സീരിസിന്റെ ടോപ് ഓഫ് ലൈന്‍ പ്രോ, പ്രോ മാക്‌സ് മുതലായ മോഡലുകള്‍ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജൂലൈയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരുള്ള ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ 16ന്റെ പ്രോ മോഡലുകള്‍ക്കായുള്ള ന്യൂ പ്രൊഡക്ട് ഇന്‍ട്രൊഡക്ഷന്‍(എന്‍പിഐ) പ്രക്രിയ ഉടന്‍ ആരംഭിക്കും. ഇതിന് ശേഷം വന്‍തോതില്‍ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ വിതരണശൃംഖലയില്‍ മികച്ചശേഷിയും ആഴത്തിലുള്ള സംയോജനവും കാഴ്ച വയ്ക്കുന്ന ഫോക്‌സ്‌കോണിനാണ് സാധാരണയായി പുതിയ ഫോണുകളുടെ നിര്‍മാണത്തിന് പ്രഥമപരിഗണന നല്‍കുന്നത്.
ആഗോളതലത്തില്‍ ഫോണ്‍ ലോഞ്ച് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ പ്രീമിയം ഫോണുകള്‍ നിർമിച്ചു തുടങ്ങുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളിന്റെ മറ്റ് ഇന്ത്യന്‍ പങ്കാളികളായ പെഗാട്രോണിന്റെ ഇന്ത്യാ യൂണിറ്റും ടാറ്റാ ഗ്രൂപ്പും പ്രോ പതിപ്പുകള്‍ നിര്‍മിക്കാന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള വില്‍പ്പന ആരംഭിക്കുന്ന അതേദിവസം തന്നെ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 16 ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവ വഴി ആപ്പിള്‍ തങ്ങളുടെ മുന്‍നിര ഐഫോണ്‍ ഉപകരണങ്ങളുടെ ഉത്പാദനം ഇന്ത്യയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഫോക്‌സ്‌കോണിന്റെ ഫാക്ടറിയില്‍ നിന്ന് ഇന്ത്യയില്‍ ഐപാഡുകള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകളും ആപ്പിള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പൂനെയിലെ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ജബില്‍ വഴി എയര്‍പോഡ് വയര്‍ലെസ് ചാര്‍ജിംഗ് കേസുകളുടെ ഘടകഭാഗങ്ങളുടെ ഉത്പാദനം ആപ്പിള്‍ വര്‍ധിപ്പിച്ചതായി ജൂലൈയില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൈകാതെ ഫോക്‌സ്‌കോണിലും ഇവയുടെ ഉത്പാദനം നടക്കും. മെയ്ഡ് ഇന്‍ ഇന്ത്യ എയര്‍പോഡുകളുടെ ഉത്പാദനം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.
New Delhi,Delhi
August 20, 2024 3:32 PM IST
ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്