Leading News Portal in Kerala

രാജ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം; രണ്ടാംപാദത്തില്‍ വിപണിവിഹിതം 77 ശതമാനം | India 5G smartphone market share increased to 77 percent


Last Updated:

2.7 കോടി 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കയറ്റി അയച്ചത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ന്യൂഡല്‍ഹി: രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതം 77 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സമാനകാലയളവിലേതിനേക്കാള്‍ 49 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശരാശരി വില്‍പ്പന വില 22 ശതമാനം ഇടിഞ്ഞ് 24,000 രൂപയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2.7 കോടി 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കയറ്റി അയച്ചത്.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ(ഐഡിസി) റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ആദ്യത്തെ ആറുമാസം 6.9 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്തു നിന്ന് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം സമാനകാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.2 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാം പാദത്തില്‍ 3.5 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായി നാലാം പാദമാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്.

”ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ മണ്‍സൂണ്‍ വില്‍പ്പന ലക്ഷ്യമിട്ട് പാദത്തിന്റെ ആദ്യ പകുതിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനികള്‍ പുറത്തിറക്കിയിരുന്നു. പ്രത്യേകിച്ച് മിഡ്-പ്രീമിയം/പ്രീമിയം വിഭാഗങ്ങളിലാണ് കൂടുതല്‍ ഫോണുകള്‍ ഇറങ്ങിയത്(ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍), ” ഐഡിസി ഇന്ത്യയുടെ ഡിവൈസസ് റിസേര്‍ച്ച് വിഭാഗം സീനിയര്‍ റിസേര്‍ച്ച് മാനേജര്‍ ഉപാസന ജോഷി സിസാറ്റ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു..

8000 രൂപയ്ക്ക് താഴെയുള്ള എന്‍ട്രി ലെവൽ വിഭാഗത്തിലുള്ള സ്മാര്‍ട്ടഫോണുകളുടെ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കാളായ ഷവോമിയാണ് മുന്നില്‍. അതേസമയം, 8000 രൂപയ്ക്കും 17,000 രൂപയ്ക്കുമിടയിലുള്ള സ്മാര്‍ട്ടഫോണ്‍ വില്‍പ്പനയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഷവോമി, റിയല്‍മി, വിവോ എന്നീ കമ്പനികളാണ് ഈ വിഭാഗത്തില്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി 60 ശതമാനമാണ് വിപണി വിഹിതമാണുള്ളത്.

പ്രീമിയം വിഭാഗത്തില്‍ രണ്ട് ശതമാനമാണ് വിപണി വിഹിതം. ഈ വിഭാഗത്തില്‍ വില്‍പ്പനയില്‍ 37 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 13, ഗാലക്‌സി എസ്23 എഫ്ഇ, ഐഫോണ്‍ 12, വണ്‍പ്ലസ് 12 എന്നീ മോഡലുകളാണ് ഈ വിഭാഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍മുന്നിലുള്ളത്. ആപ്പിളിന്റെ വിപണി വിഹിതം വര്‍ധിച്ച് 61 ശതമാനമായി. സാംസംഗിന്റെ വിപണി വിഹിതം 24 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ ഇത് 21 ശതമാനമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Tech/

രാജ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം; രണ്ടാംപാദത്തില്‍ വിപണിവിഹിതം 77 ശതമാനം