ഡിലീറ്റ് ചെയ്ത മെസേജുകൾ ഭാര്യ കണ്ടു; ആപ്പിളിനെതിരെ 52 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് | Man seeks compensation of Rs 52 crores after wife sees deleted messages on Apple phone
Last Updated:
ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാൾ ആരോപിക്കുന്നു
ഡിലീറ്റ് ചെയ്ത മെസേജ് ഭാര്യ കണ്ടെത്തിയതിനെത്തുടർന്ന് ആപ്പിളിനെതിരേ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഭർത്താവ്. ഐഫോൺ വിവാഹമോചനത്തിന് കാരണമായെന്ന് കാണിച്ചാണ് ഇയാൾ ആപ്പിളിനെതിരെ കേസ് കൊടുത്തത്. ലൈംഗിക തൊഴിലാളികൾക്ക് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തിയത് തന്റെ വിവാഹമോചനത്തിന് കാരണമായെന്ന് ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് അവകാശപ്പെട്ടു. ഇതിന് പിന്നാലെ 52 കോടി രൂപ (5 മില്യൺ പൗണ്ട് ) നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആപ്പിളുമായി നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ആപ്പിളിന്റെ ഒരു ഉപകരണത്തിൽ നിന്ന് മെസ്സേജുകൾ ഡിലീറ്റ് ചെയ്തത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് തന്റെ വ്യക്തിക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്ക് കാരണമായെന്ന് ഇയാൾ പറഞ്ഞു.
ഐഫോണിലെ ഐമെസേജ് വഴി താൻ ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നതായി റിച്ചാർഡ് വെളിപ്പെടുത്തി. തുടർന്ന് ഐഫോണിൽ നിന്ന് ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതോടെ പെർമനന്റായി എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടെന്നായിരുന്നു റിച്ചാർഡിന്റെ വിശ്വാസം. എന്നാൽ വർഷങ്ങൾക്കു മുൻപ് അതേ ആപ്പിള്‍ ഐഡി ലിങ്ക് ചെയ്തിരുന്ന വീട്ടിലെ ഐമാകില്‍ ഇയാൾ അയച്ച സന്ദേശങ്ങളെല്ലാം ഭാര്യ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷയും നൽകി. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാൾ ആരോപിക്കുന്നു.
ചാറ്റ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ തന്റെ 20 വർഷത്തെ ദാമ്പത്യജീവിതം തകരില്ലായിരുന്നു എന്നും റിച്ചാർഡ് പറഞ്ഞു. ഒരു ഉപകരണത്തില്‍ നിന്നും ഒരു സന്ദേശം ഇല്ലാതാക്കിയാല്‍ ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും അത് നീക്കം ചെയ്യപ്പെടില്ലെന്ന് ആപ്പിൾ ഉപയോക്താക്കളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഇയാളുടെ അവകാശവാദം. ” ഞങ്ങൾ 20 വർഷത്തിലേറെയായി വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു. പല പുരുഷന്മാരും ചില സ്ത്രീകളും ചെയ്യുന്ന ഒരു കാര്യത്തിൻ്റെ പേരിൽ ഒരു മികച്ച ദാമ്പത്യം ഉപേക്ഷിക്കപ്പെട്ടു” റിച്ചാർഡ് വ്യക്തമാക്കി.
ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്നും നീക്കം ചെയ്തുവെന്നോ അതോ ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്ന് മാത്രം നീക്കം ചെയ്തിരിക്കുന്നു എന്നോ അറിയിച്ചിരുന്നെങ്കിൽ അതൊരു സൂചനയായി കരുതാമായിരുന്നു എന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഈ സംഭവം തനിക്ക് സാമ്പത്തിക നഷ്ടത്തിൽ ഉപരി തന്റെ ആരോഗ്യത്തെയും ജീവിതത്തെയും ദോഷകരമായി ബാധിച്ചു എന്നും റിച്ചാർഡ് കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
June 18, 2024 10:20 AM IST