Juice Jacking മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ വഴി വിവരം ചോർത്തും; ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി കേന്ദ്രം | Juice Jacking leaks data through mobile charging stations thus Centre issues warning | Tech
Last Updated:
പൊതു ചാർജിങ് സ്റ്റേഷനുകളിലെ കേബിളുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതൈ
മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. യുഎസ്ബി ചാർജിങ് കേബിളുകൾ വഴിയുള്ള വിവര മോഷണത്തെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. യാത്രക്കിടയിൽ പൊതു ചാർജിങ് സ്റ്റേഷനുകളിലെ കേബിളുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചാർജിങ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾ കണക്ട് ചെയ്യുന്ന തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് അപകടകാരികളായ വൈറസുകളെ കടത്തിവിട്ടാണ് സൈബർകുറ്റവാളികൾ വിവരങ്ങൾ മോഷ്ടിക്കുന്നത്. “ജ്യൂസ് ജാക്കിങ്” എന്നറിയപ്പെടുന്ന ഈ വിവര മോഷണം വഴി ഉപഭോക്താക്കളുടെ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ തട്ടിയെടുത്തേക്കാം. ഉപകരണങ്ങളിലേക്ക് ഏതെങ്കിലും വൈറസുകളെ കടത്തിവിടുക വഴി ഭാവിയിലും ഉപഭോക്താക്കളെ നിരീക്ഷിക്കാനും വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് പണത്തിനായി ഭീഷണിപ്പെടുത്താനും വരെ ഹാക്കർമാർക്ക് സാധിക്കും.
യുഎസ്ബി ചാർജിങ് കേബിളുകൾ വഴിയുള്ള വിവരം ചോർത്തലിൽ നിന്നും സംരക്ഷണം നേടാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം
1) ഇലക്ട്രിക് വാൾ ഔട്ട്ലെറ്റുകൾ തിരഞ്ഞെടുക്കുക, സ്വന്തം ചാർജിങ് കേബിളുകളോ പവർ ബാങ്കുകളോ ഉപയോഗിക്കുക: യാത്രാ വേളകളിൽ ചാർജിങിനായി ഇലക്ട്രിക് വാൾ ഔട്ട്ലെറ്റുകൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ സ്വന്തം കേബിളുകൾ ഉപയോഗിക്കുകയോ പവർ ബാങ്ക് കയ്യിൽ കരുതുകയോ ചെയ്യുക.
2) ഉപകരണം ലോക്ക് ചെയ്യുകയും പെയറിങ് ഒഴിവാക്കുകയും ചെയ്യുക: പൊതു ചാർജിങ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തേണ്ട സാഹചര്യം വന്നാൽ നിങ്ങളുടെ ഉപകരണം ഏതെങ്കിലും പിന്നൊ പാസ്സ്‌വേർഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ഒപ്പം നിങ്ങൾക്ക് പരിചിതമല്ലാത്ത മറ്റ് ഉപകരണങ്ങളുമായി നിങ്ങളുടെ മൊബൈൽ കണക്ട് ചെയ്യാതിരിക്കുക.
3) ചാർജ് ചെയ്യുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക: ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നത് സൈബർ ആക്രമണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സഹായിക്കും.
ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരായെന്നു തോന്നിയാൽ ഉപഭോക്താക്കൾക്ക് www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ 1930 എന്ന നമ്പറിൽ കോൺടാക്ട് ചെയ്തോ സംഭവം റിപ്പോർട്ട് ചെയ്യാം.
New Delhi,Delhi
April 01, 2024 1:54 PM IST