ക്രൈം ജിപിടി: കുറ്റവാളികളെ പിടികൂടുന്നതിന് എഐ സഹായം തേടി യുപി പോലീസ്|Crime GPT: How the AI-powered tool could help Uttar Pradesh police nab criminals faster in future | Tech
Last Updated:
ഇതിലൂടെ കുറ്റവാളികളെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും പിടികൂടാനും പോലീസിന് സാധിക്കുമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്തു.
നിർമ്മിത ബുദ്ധി (Artificial Intelligence- AI) എന്നത് ഇന്ന് പല കാര്യങ്ങൾക്കും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ പോലീസുകാരും എഐ ഉപയോഗപ്പെടുത്തികൊണ്ടുള്ള സേവനത്തിൽ എത്തിനിൽക്കുകയാണ്. യുപി പോലീസ്, ഗുഡ്ഗാവ് ആസ്ഥാനമായുള്ള AI- സ്റ്റാർട്ടപ്പ് സ്റ്റാക്ക് ടെക്നോളജീസുമായി സഹകരിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്രൈം ജിപിടി വികസിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ കുറ്റവാളികളെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും പിടികൂടാനും പോലീസിന് സാധിക്കുമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്തു.
ഉത്തർപ്രദേശിലെ വിവിധ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിവരങ്ങളും രേഖകളും ക്രൈം ജിപിടിയുമായി സംയോജിപ്പിച്ചിരിക്കുന്നു. സംസ്ഥാന പോലീസ് രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒമ്പത് ലക്ഷത്തോളം കുറ്റവാളികളുടെ വിവരങ്ങൾ ഇതിൽനിന്ന് ലഭ്യമാകും. അതിനാൽ ഉദ്യോഗസ്ഥർക്ക് സമയം പാഴാക്കാതെ വേഗത്തിൽ തന്നെ ഇവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുമെന്നതും പ്രത്യേകതയാണ്. ക്രൈം ജിപിടി എന്ന എഐ-പവർ ടൂൾ യുപി പോലീസിൻ്റെ സെർവറുകളിൽ തന്നെ വികസിപ്പിച്ചെടുത്തതാണ്.
” നിങ്ങൾക്ക് കുറ്റവാളിയുടെ പശ്ചാത്തലം ഇതിൽ ചോദിക്കാം. കൂടാതെ ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടും ” എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്റ്റാക്ക് ടെക്നോളജീസിൻ്റെ സഹസ്ഥാപകനുമായ അതുൽ റായ് വ്യക്തമാക്കി. സിസിടിവി ഫീഡിൽ നിന്ന് ശേഖരിക്കുന്ന ഓഡിയോ, ഇമേജുകൾ, ടെക്‌സ്‌റ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ ഡിജിറ്റൽ ഡാറ്റയും ക്രൈം ജിപിടി പ്രത്യേകമായി വിശകലനം ചെയ്ത് പോലീസിന് നൽകും.
” വിവരങ്ങൾ വേഗത്തിൽ വീണ്ടെടുക്കാൻ ക്രൈം ജിപിടി സഹായിക്കും. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉടനീളമുള്ള ഡാറ്റകൾ ക്രോഡീകരിക്കാൻ ഇത് സഹായിക്കും. ഇത് വളരെയധികം വേഗത്തില്‍ വിവരങ്ങൾ ലഭ്യമാക്കാനുള്ള മാർഗമാണ്,” എന്നും ഉത്തർപ്രദേശ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) പ്രശാന്ത് കുമാർ പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിൽ ക്രൈം ജിപിടി ഉപയോഗപ്പെടുത്തിയ ശേഷം പഞ്ചാബ്, തെലങ്കാന തുടങ്ങിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് അധികാരികളുമായി ഇക്കാര്യം ചർച്ചചെയ്യാനും സ്റ്റാക്ക് ടെക്നോളജീസ് പദ്ധതിയിടുന്നുണ്ട്.
March 16, 2024 10:23 PM IST